വിഎം സുധീരന്റെ രാജി;പുതിയ പ്രസിഡന്റ് ഉടനുണ്ടാകില്ല

ന്യൂഡല്‍ഹി :സുധീരന്‍ രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. വിദേശത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയശേഷമായിരിക്കും പുതിയ പ്രസിഡന്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള തിരക്കിലായിരുന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍.ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം നാളെ പുറത്തുവരാനിരിക്കെ, മിക്കയിടങ്ങളിലും അധികാര മാറ്റം ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ ഇവിടങ്ങളിലെ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ബഹളം ഒതുങ്ങിയശേഷമാകും പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുക. മാത്രമല്ല, കേരളത്തിലെ സാഹചര്യത്തില്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഒരാളെ ഈ സ്ഥാനത്തേക്കു കണ്ടെത്താനുമാകൂ.സുധീരന്റെ രാജിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കേരളത്തിലും നേതാക്കള്‍ അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തി.അതിനിടെ, പാര്‍ട്ടി പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. സ്ഥാനമാനങ്ങളൊന്നും ഏറ്റെടുക്കാനില്ലെന്ന പഴയ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.