ജയരാജന്റെ രാജിയില്‍ പ്രശ്‌നം തീരില്ല; നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല;മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ജയരാജന്‍ രാജിവെച്ചതെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: ഇ.പി ജയരാജന്റെ രാജിയില്‍ പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ.പി ജയരാജന് മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു തീരുമാനം എടുക്കാനാവില്ല. ബന്ധു നിയമനങ്ങളില്‍ ഇനിയുളള നിയമനടപടികള്‍ കൈക്കൊള്ളുന്നതിനായി യുഡിഎഫ് യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധു നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ നിയമനങ്ങള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു.ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ രോഗവിവരം അന്വേഷിക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. അതെസമയം മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ജയരാജന്‍ രാജിവെച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു.ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ജയരാജന്റെ നടപടി സ്വാഭാവികമാണ്. ജയരാജനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു.
പൊതുമേഖല സ്ഥാപന നിയമനങ്ങള്‍ മുഖ്യമന്തി അറിഞ്ഞില്ല എന്നതു വിശ്വസനീയമല്ല. രാജിയുടെ അടിസ്ഥാനത്തിലും പ്രക്ഷോഭത്തില്‍നിന്ന് യുഡിഎഫ് പിന്നോട്ടില്ല. 17ലെ യുഡിഎഫ് മാര്‍ച്ച് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും സുധീരന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.