സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്തസമരമില്ലെന്ന് വിഎം സുധീരന്‍;ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നു;കോണ്‍ഗ്രസ് പോരാട്ടം ഒറ്റയ്ക്ക്

തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് സമരം നടത്തുന്നതില്‍ കോണ്‍ഗ്രസില്‍ വിയോജിപ്പ്. സമാന രീതിയിലുള്ള സമരം എന്ന് പറഞ്ഞാല്‍ സംയുക്ത സമരം എന്ന് അല്ലെന്നും സിപിഎമ്മുമായി സംയുക്ത സമരമില്ലെന്നും കെപിസി.സി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ സിപിഎമ്മും ശ്രമിക്കുന്നു. ഈ സാഹചര്യത്തില്‍ സംയുക്ത സമരത്തിന് പ്രസക്തിയില്ല. ബിജെ.പി ഭരണകൂടം തെറ്റായ നടപടിയില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും.വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണം. എം.പിമാരെ കൂടെക്കൂട്ടി പ്രധാനമന്ത്രിയെ കാണണമെന്നും വി.എം സുധീരന്‍ പറഞ്ഞു. സിപിഐഎമ്മുമായി ചേര്‍ന്നുള്ള സമരത്തിന് പാര്‍ട്ടി ആലോചിച്ചിട്ട് പോലുമില്ലെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തീരുമാനത്തെ പാടെ തള്ളിക്കൊണ്ടുള്ള നിലപാടാണ് സുധീരന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സംയുക്ത പ്രക്ഷോഭം എന്ന് എവിടേയും പറഞ്ഞിട്ടില്ലെന്നും എല്ലാ സമരങ്ങള്‍ക്കും ധാര്‍മിക പിന്തുണ ഉണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം ഹസ്സനും പറഞ്ഞു.സംയുക്ത സമരം എന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ അത് സമ്മതിക്കാന്‍ പറ്റില്ല. യോജിച്ച് സമരം ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. അവര്‍ നടത്തുന്ന സമരത്തിന് പ്രതിപക്ഷനേതാവ് പിന്തുണ പ്രഖ്യാപിച്ചു. അല്ലാതെ ഒന്നിച്ച് സമരം ചെയ്യാമെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ വ്യാഖ്യാനിക്കരുതെന്നും എം.എം ഹസ്സന്‍ പറഞ്ഞു.എന്നാല്‍ സംയുക്ത സമരം എന്ന നിലപാടിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനത്തില്‍ പാര്‍ട്ടി മാറ്റം വരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

© 2024 Live Kerala News. All Rights Reserved.