വി.എം.സുധീരന്റെ രാജി അത്ഭുതപ്പെടുത്തിയെന്ന് നേതാക്കള്‍; രാജിക്കുപിന്നില്‍ സംഘടനാ പ്രശ്‌നങ്ങളില്ല; രമേശിനെ ഫോണില്‍ അറിയിച്ചു;അറിഞ്ഞില്ലെന്ന് ഉമ്മന്‍ ചാണ്ടി; തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന് ആന്റണി

തിരുവനന്തപുരം:കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുവെന്ന വി.എം.സുധീരന്റെ പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്ന് നേതാക്കള്‍.രാജിക്കുപിന്നില്‍ സംഘടനാ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമായ തീരുമാനമാണ് സുധീരന്റേതെന്നും ചെന്നിത്തല വ്യക്തമാക്കി. വൈസ് പ്രസിഡന്റുമാര്‍ക്ക് പകരം ചുമതല നല്‍കിയാല്‍ പോരെ, രാജി വെക്കേണ്ട ആവശ്യമുണ്ടോ എന്നുചോദിച്ചു. പക്ഷേ അദ്ദേഹം ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഇക്കാര്യം ഉമ്മന്‍ചാണ്ടിയെ താനാണ് അറിയിച്ചതെന്നും രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതായും ചെന്നിത്തല പറഞ്ഞു.സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിച്ചത്. സുധീരന്‍ നേതൃനിരകളില്‍ ഇനിയും സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.തല്‍ക്കാലം പ്രതികരിക്കാനില്ലെന്നായിരുന്നു പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയുടെ പ്രതികരണം. അതേസമയം, സുധീരന്റെ രാജിയെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ദൗര്‍ഭാഗ്യകരമെന്നാണ് കെ. മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി വളരെ നല്ല അവസ്ഥയില്‍ പോകുന്ന സാഹചര്യമാണിത്. അതുകൊണ്ടുതന്നെ വിഷമമുണ്ട്. അഭിപ്രായവ്യത്യാസങ്ങളൊന്നും രാജിക്കാര്യത്തില്‍ ഇല്ല. എല്ലാം ഇനി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.