വിഎം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു; അനാരോഗ്യം കാരണമെന്ന് വിശദീകരണം

തിരുവനന്തപുരം: വി.എം. സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജിയെന്ന് സുധീരന്‍ പറഞ്ഞു..ഇതുവരെ എല്ലാ പിന്തുണയും നല്‍കി ഒപ്പംനിന്ന പാര്‍ട്ടി പ്രവര്‍ത്തകരോട്‌നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയയ്ക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന ഡി.സി.സി കുടുംബയോഗത്തിനിടെ വീണ് വാരിയെല്ലിന് പരിക്കേറ്റിരുന്നു. ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്നു. അതുകൊണ്ടാണ് രാജി വെക്കാന്‍ തീരുമാനിച്ചത്.പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒരു ദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ തന്റെ നിലവിലെ ആരോഗ്യ സ്ഥിതി വെച്ച് അതിന് സാധിക്കില്ല. വേണമെങ്കില്‍ അവധിയെടുത്ത് മാറി നില്‍ക്കാമെങ്കിലും തന്റെ മനസാക്ഷി അതിന് അനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും സുധീരന്‍  പറഞ്ഞു. രാജിക്കാര്യം താന്‍ ആരോടും ആലോചിച്ചിട്ടില്ലെന്നും അങ്ങനെ ആലോചിച്ചാല്‍ പല തടസവും വരും എന്നതുകൊണ്ട് തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് രാജിവെക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.ബദല്‍  ക്രമീകരണം എ.ഐ.സി.സി.യുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും ഉടന്‍ തന്നെ സ്ഥാനത്തേക്ക് പുതിയ ആളെ എ.ഐ.സി.സി നിയമിക്കുമെന്നും സുധീരന്‍ പറഞ്ഞു

© 2025 Live Kerala News. All Rights Reserved.