തിരുച്ചിറപ്പള്ളിയില്‍ ജെല്ലിക്കെട്ട് നടത്തി;മധുരയില്‍ പ്രതിഷേധം ശക്തം;നഗരത്തില്‍ റോഡ്,റെയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധം

തിരുച്ചിറപ്പള്ളി:ജെല്ലിക്കെട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും വഴങ്ങാതെ പ്രതിഷേധക്കാര്‍. താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനു പകരം ശക്തമായ നിയമനിര്‍മാണമെന്ന ആവശ്യവുമായി ജെല്ലിക്കെട്ടിന്റെ മുഖ്യവേദിയായ മധുരയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, തിരുച്ചിറപ്പള്ളിയില്‍ ജെല്ലിക്കെട്ട് നടത്തി. നൂറോളം കാളകളെ ഉപയോഗിച്ചാണ് ഇവിടെ ജെല്ലിക്കെട്ട് നടത്തിയത്. ആയിരക്കണക്കിനുപേരാണ് ജെല്ലിക്കെട്ടിനായെത്തിയിരുന്നത്.അളങ്കാനല്ലൂരില്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമാണ് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനിരുന്നത്. അതോടൊപ്പം ശിവഗംഗ, രാമനാഥപുരം, നാഗപട്ടണം തുടങ്ങിയ എല്ലാവര്‍ഷവും ജല്ലിക്കെട്ട് നടത്തുന്ന ജില്ലകളില്‍ മന്ത്രിമാരും ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും.അതിനിടെ, ജെല്ലിക്കെട്ടിനായി നിയമനിര്‍മാണം വേണമെന്ന ആവശ്യമുന്നയിച്ച് മധുരയില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. റോഡ്, റെയില്‍ ഗതാഗതങ്ങള്‍ തടഞ്ഞുകൊണ്ടാണ് ഇവിടെ പ്രതിഷേധം. ഓര്‍ഡിനന്‍സ് പോരെന്നാണ് നാട്ടുകാരുടെ നിലപാട്. ഇതേത്തുടര്‍ന്ന് മധുരയില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. മധുര, സേലം. ഡിണ്ടിഗല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയല്‍ ആരംഭിച്ചു. ഓര്‍ഡിനന്‍സ് ഇറക്കിയാലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. അതേസമയം, ജെല്ലിക്കെട്ടിനായി ആദ്യ കാളയെ തുറന്നുവിടാന്‍ അവസരം ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അഭ്യര്‍ഥിച്ചു. പ്രതിഷേധക്കാരുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഡിണ്ടിഗല്‍, സേലം എന്നിവിടങ്ങളിലും ജനങ്ങള്‍ ട്രെയിന്‍ തടയുകയാണ്.

© 2024 Live Kerala News. All Rights Reserved.