മധുര: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഇന്ന് നടക്കാനിരുന്ന ജെല്ലിക്കെട്ട് വീണ്ടും അനിശ്ചിതത്വത്തില്‍. ജെല്ലിക്കെട്ട് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. താത്കാലിക ഓര്‍ഡിനന്‍സ് അല്ല സ്ഥിരമായ ഉത്തരവാണ് വേണ്ടതെന്നും പറഞ്ഞാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മധുരയിലെ അളകാനെല്ലൂരിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഇത് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സമരം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകളാണ് കുത്തിയിരിപ്പ് സമരവുമായി വന്നിരിക്കുന്നത്. 10 മണിക്ക് ഉദ്ഘാടകനായി മുഖ്യമന്ത്രി തന്നെ എത്തുമെങ്കിലും സ്ഥലത്തേക്കുള്ള എല്ലാ വഴികളും ഇവര്‍ അടച്ചിരിക്കുകയാണ്. ഇതിന് പുറമെ മത്സരത്തിന് ആവശ്യമായ കാളകളേയും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. തമിഴ്‌നാട്ടില്‍ അഞ്ചിടത്താണ് ജല്ലിക്കെട്ട് നടക്കാനിരിക്കുന്നത്.അളകാനെല്ലൂരില്‍ നടക്കുന്ന ജല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പനീര്‍ ശെല്‍വം രാത്രി തന്നെ മധുരയില്‍ എത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന പ്രതിഷേധക്കാര്‍ എത്തിയത്. ജല്ലിക്കെട്ട് കാണുന്നതിനായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മധുരയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകളുമുണ്ട്. മധുരയിലെ പാലമേട്, അളകാനെല്ലൂര്‍ എന്നിവിടങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലും ഇന്ന് ജെല്ലിക്കെട്ട് നടക്കുന്നുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകീയസമരം ശക്തമായതോടെയാണ് പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.