ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയേക്കും; പ്രക്ഷോഭം അവസാനിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കിയേക്കും. ഓർഡിനൻസിന്റെ കരടിന് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് ഒാര്‍ഡിനന്‍സിന്റെ കരടിന് നിയമമന്ത്രാലയം അംഗീകാരം നല്‍കിയത്. കേന്ദ്ര നിയമ – പരിസ്ഥിതി മന്ത്രാലയം ഭേദഗതികളോടെ അംഗീകരിച്ച ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.മറീന കടല്‍ക്കരയില്‍ തുടരുന്ന പ്രക്ഷോഭം ഇതോടെ അവസാനിപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചേക്കും. അഞ്ച് ലക്ഷത്തോളം ആളുകളാണ് കഴിഞ്ഞ ദിവസം മറീനയിലേക്ക് ഒഴുകി എത്തിയത്. അതേസമയം പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ എംഎല്‍എമാരും എംപിമാരും ജെല്ലിക്കട്ടിനെ പിന്തുണച്ച് ഇന്ന് നിരാഹാര സമരം നടത്തും.വിനോദത്തിന് വേണ്ടി പ്രദര്‍ശിപ്പിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്ന് കാളയെ ഒഴിവാക്കുന്ന ഭേദഗതിയാണ് ഓര്‍ഡിനന്‍സായി തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിക്കുക. ഈ ഭേദഗതിയിലൂടെ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കാനുള്ള നിയമം കാളയ്ക്ക് ബാധകമല്ലെന്ന വ്യവസ്ഥ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇത്തരമൊരു ഓര്‍ഡിനന്‍സിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെയൊരു ഓര്‍ഡിനന്‍സ് കൊണ്ടു കാര്യമില്ലെന്നാണ് മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ നിയമ വിദഗ്ധന്‍ സോളി സൊറാബ്ജിയുടെ നിലപാട്. ‘പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുകയെന്നത് നല്ല കാര്യമാണ്. പക്ഷേ, അതിനുവേണ്ടി തിരക്കുപിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയെന്നത് ശരിയായ കാര്യമല്ല. വികാരം ഒരിക്കലും നിയമത്തിന്റെ അടിസ്ഥാന കാര്യങ്ങളെ മറികടക്കില്ല’, അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.