ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേന്ദ്രസര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് വിധി പറയുന്നത് നീട്ടിയത്. ക്രമസമാധാന പ്രശ്‌നങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തുകയാണെന്നും വിധി ഇപ്പോള്‍ വരുന്നത് ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യം ഉന്നയിച്ചു.ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്നും ജെല്ലിക്കെട്ട് നടത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. യുവാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് ചെന്നൈയിലെ മറീന ബീച്ചില്‍ ഒത്തുകൂടിയിരിക്കുന്നത്. സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ജെല്ലിക്കെട്ടിനെ അനുകൂലിച്ച് നിരാഹാരമെടുക്കുമെന്ന് ട്വീറ്റ് ചെയ്തിരുന്നു. നടികര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര താരങ്ങളും ഉപവസിക്കും. ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ രണ്ടുദിവസത്തിനകം ഓര്‍ഡിനന്‍സ് ഇറക്കുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അറിയിച്ചു. എന്നാല്‍, നിരോധനം നീക്കിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.