സൗമ്യവധക്കേസ്; പുന: പരിശോധന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി; ജസ്റ്റിസ് കട്ജു ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യുഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവും നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. നവംബര്‍ 11ന് ഹര്‍ജിയില്‍ വിധി പറയും. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം ഒഴിവാക്കി ബലാത്സംഗക്കുറ്റത്തിന് മാത്രം നല്‍കിയ ശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും പുനഃപരിശോധന ഹര്‍ജി നല്‍കിയത്. അതേസമയം, ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം ഒഴിവാക്കിയ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് കട്ജുവില്‍ നിന്ന് കോടതി വിശദീകരണം തേടി. കട്ജു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കട്ജുവിന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും അന്തിമ വിധി പറയുന്നത്. കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് നടപടി. മുന്‍ സുപ്രീം കോടതി ജഡ്ജി ആയതിനാലാണ് കട്ജുവിന്റെ വിശദീകരണം തേടാന്‍ തീരുമാനിച്ചതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയാണ് കോടതിയില്‍ ഹാജരായത്.

© 2024 Live Kerala News. All Rights Reserved.