ഗോവിന്ദച്ചാമിക്ക് പിന്നില്‍ മയക്കുമരുന്ന് മാഫിയ; സൗമ്യയെ ബലാത്സംഗം ചെയ്തു എന്നത് പൊലീസ് കെട്ടിച്ചമച്ച കഥ;ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ലെന്നും ബിഎ ആളൂര്‍

തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍ മയക്കുമരുന്നു മാഫിയയിലെ കണ്ണിയാണെന്നും ബിഎ ആളൂര്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.മുംബൈയുടെ പലഭാഗങ്ങളില്‍ ലഹരി മരുന്നു കേസുകളില്‍ പിടിയിലായ ആളുകളാണ് ഗോവിന്ദച്ചാമിക്കുവേണ്ടി തന്നെ സമീപിച്ചത്. ഇവര്‍ മുംബൈ പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള സംഘമാണ്. തമിഴ്‌നാട് സ്വദേശികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ആളൂര്‍ പറയുന്നു.ഗോവിന്ദച്ചാമി ട്രെയിനില്‍ കളവുമാത്രമല്ല, മയക്കുമരുന്ന് അതുപോലുള്ള വസ്തുക്കള്‍ വില്‍ക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെടുന്ന പലരും ബോംബെയിലുമായിട്ടും തമിഴ്‌നാട്ടിലുമായിട്ടും ഉണ്ടായിരുന്നു. കേസ് ഏല്‍പ്പിക്കുമ്പോള്‍ തന്നെ മറ്റു പല കേസുകളിലെന്ന പോലെ എന്നോടു പറഞ്ഞിരുന്നു ആരാണ് ഈ കേസിന്റെ പിന്നിലെന്നുള്ള കാര്യം അവരോടു പറയരുത് എന്ന്’ ആളൂര്‍ വ്യക്തമാക്കി. ഗോവിന്ദച്ചാമിക്കുവേണ്ടി കേസേറ്റെടുത്തതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും ആളൂര്‍ പറഞ്ഞു. സൗമ്യയെ ആക്രമിച്ചത് ബലാത്സംഗശ്രമത്തിനിടെയല്ലെന്നും മോഷണ ശ്രമത്തിനിടെയാണെന്നും ആളൂര്‍ പറഞ്ഞു. സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നത് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ബലാത്സംഗക്കുറ്റത്തിനായി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് ആളൂര്‍ പറയുന്നത്. എന്നാല്‍ ബിഎ ആളൂരിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് സൗമ്യയുടെ മാതാവ് സുമതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.