തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ ലഹരിമരുന്ന് മാഫിയാ സംഘമെന്ന അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ലഹരിമരുന്ന് മാഫിയബന്ധത്തെക്കുറിച്ചും അന്വേഷിക്കും. ഇതിനായി മുംബൈ പൊലീസിന്റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി. ഗോവിന്ദച്ചാമിക്കു പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ, മലയാളികള്‍ ഉള്‍പ്പെട്ട മാഫിയയെന്നായിരുന്നു അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍. വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ട്. കേസ് അവസാനംവരെ നടത്തണമെന്നു തന്നോട് അഭ്യര്‍ഥിച്ചിരുന്നു. ഇവരാണു തനിക്കു പ്രതിഫലം നല്‍കിയതെന്നും അദ്ദേഹം ഇന്നലെ മാതൃഭൂമിക്ക അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
മുംബൈയുടെ പലഭാഗങ്ങളില്‍ ലഹരി മരുന്നു കേസുകളില്‍ പിടിയിലായ ആളുകളാണ് ഗോവിന്ദച്ചാമിക്കുവേണ്ടി തന്നെ സമീപിച്ചത്. ഇവര്‍ മുംബൈ പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള സംഘമാണ്. തമിഴ്‌നാട് സ്വദേശികളും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ആളൂര്‍ വെളിപ്പെടുത്തിയിരുന്നു.ഗോവിന്ദച്ചാമി ട്രെയിനില്‍ കളവുമാത്രമല്ല, മയക്കുമരുന്ന് അതുപോലുള്ള വസ്തുക്കള്‍ വില്‍ക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെടുന്ന പലരും ബോംബെയിലുമായിട്ടും തമിഴ്‌നാട്ടിലുമായിട്ടും ഉണ്ടായിരുന്നു. കേസ് ഏല്‍പ്പിക്കുമ്പോള്‍ തന്നെ മറ്റു പല കേസുകളിലെന്ന പോലെ എന്നോടു പറഞ്ഞിരുന്നു ആരാണ് ഈ കേസിന്റെ പിന്നിലെന്നുള്ള കാര്യം അവരോടു പറയരുത് എന്ന്’ ആളൂര്‍ വ്യക്തമാക്കി. ഗോവിന്ദച്ചാമിക്കുവേണ്ടി കേസേറ്റെടുത്തതില്‍ യാതൊരു കുറ്റബോധവുമില്ലെന്നും ആളൂര്‍ പറഞ്ഞു. സൗമ്യയെ ആക്രമിച്ചത് ബലാത്സംഗശ്രമത്തിനിടെയല്ലെന്നും മോഷണ ശ്രമത്തിനിടെയാണെന്നും ആളൂര്‍ പറഞ്ഞു. സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നത് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ബലാത്സംഗക്കുറ്റത്തിനായി പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് ആളൂര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സൗമ്യ വധക്കേസില്‍ അഡ്വ. ബി.എ.ആളൂര്‍ പ്രതിഭാഗത്തിനായി ഹാജരായപ്പോള്‍ മുതല്‍ ഗോവിന്ദച്ചാമിക്കു പിന്നിലാരാണെന്നും കോടികള്‍ മുടക്കി വലിയ അഭിഭാഷകരെ നിയമിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞതെങ്ങനെയെന്നും കേരളം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ ആദ്യമായാണ് ആളൂര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.