സൗമ്യ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി; സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍; ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണം

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ പുനഃസ്ഥാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യം. ഗോവിന്ദചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പുനപരിശോധന ഹര്‍ജി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയായിരിക്കും ഹാജരാകുക. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശയവും കേരളം ഉന്നയിച്ചിട്ടുണ്ട്.സൗമ്യയുടെ മരണത്തില്‍ ഗോവിന്ദച്ചാമിക്ക് പങ്കില്ലെന്ന് പറയാനാകില്ല. ഐപിസി300 ആം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

കൊലക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് ഗോവിന്ദചാമിയെ വധശിക്ഷയില്‍ നിന്ന് രക്ഷിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത നിരവധി കേസുകള്‍ പ്രോസിക്യൂഷന്റെ മിടുക്കുകൊണ്ട് തെളിയിക്കപ്പെടുന്ന കാലത്ത് സൗമ്യ കേസില്‍ ഇത്തരമൊരു വീഴ്ച്ച വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. സുപ്രീം കോടതിയില്‍ കേസെത്തിയപ്പോള്‍ ഒന്നും അറിയാത്ത വക്കീലിനെ കൊണ്ടുനിര്‍ത്തി കേസ് കൂട്ടികൊഴച്ചുവെന്നാണ് കേസിലെ വിധിക്ക് പിന്നാലെ സൗമ്യയുടെ അമ്മ പ്രതികരിച്ചത്. കേസില്‍ വിധി വന്നതിന് പിന്നാലെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കേസ് വാദിക്കാന്‍ രാജ്യത്തെ പ്രഗല്‍ഭരായ അഭിഭാഷകരെ തന്നെ അണിനിരത്തുമെന്നും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ കൊലപെടുത്തിയ കേസില്‍ പ്രതിയായ ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതകകുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നായിരുന്നു കോടതി വിധി. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ഗോവിന്ദചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.