സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് സുപ്രീം കോടതി; കുറ്റം ചെയ്തതിന് 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാനാകൂ എന്നും കോടതി; കേസ് 17 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി. സൗമ്യ ട്രെയിനില്‍ നിന്നും ചാടിരക്ഷപ്പെട്ടു എന്ന സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ റദ്ദാക്കിയതെന്ന് കോടതി പറഞ്ഞു. കേസില്‍ നാലാമത്തേയും നാല്‍പ്പത്തൊന്നാമത്തേയും സാക്ഷി മൊഴികള്‍ ചൂണ്ടിക്കാട്ടിയാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. രണ്ട് സാക്ഷികളും ഒരുപോലെ പറയുമ്പോള്‍ അത് തള്ളിക്കളയാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.കുറ്റം ചെയ്തതെന്ന് 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാനാകൂ. സംശയത്തിന്റെ കണികപോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. തുറന്ന കോടതിയിലായിരുന്നു കേസിന്റെ വാദം കേള്‍ക്കല്‍. അതേസമയം, കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി 17 ലേക്കു മാറ്റി.

© 2024 Live Kerala News. All Rights Reserved.