സൗമ്യ വധക്കേസില്‍ സുപ്രീംകോടതി വിധി ഇന്ന്; വധശിക്ഷ റദ്ദാക്കണമെന്ന് ഗോവിന്ദച്ചാമി; നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നെന്ന് സൗമ്യയുടെ മാതാവ്

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്. സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി നല്‍കി ഗോവിന്ദച്ചാമിക്കെതിരെ തെളിവ് എവിടെയെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഊഹാപോഹങ്ങള്‍ കോടതിക്ക് സ്വീകാര്യമല്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഗോവിന്ദച്ചാമി സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നത്തെ വിധി നിര്‍ണായകമാണ്. നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നെന്ന് സൗമ്യയുടെ മാതാവ് സുമതി പറഞ്ഞു. ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനായി ഹാജരായത്.സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.