പരാഗ്വേയ്‌ക്കുമേല്‍ ആറാട്ടുമായി അര്‍ജന്റീന ഫൈനലില്‍

സാന്റിയാഗോ: കാല്‍പ്പന്തുകളിയുടെ ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിലൂന്നിയുള്ള കളിക്കൊപ്പം സ്‌കോറിങ് മികവ് കൂടിയായപ്പോള്‍ കളിപ്രേമികള്‍ക്കായി അര്‍ജന്റീന കരുതിവെച്ചത് അനുപമമായ നിമിഷങ്ങള്‍. കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍ പരാഗ്വെയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കു തകര്‍ത്തു അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടി. എയ്ഞ്ചല്‍ ഡി മരിയ രണ്ടു ഗോളും മാര്‍കോസ് റോജോ, ഹാവിയര്‍ പാസ്റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജി അഗ്യൂറോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. പരാഗ്വെയുടെ ആശ്വാസഗോള്‍ ലുകാസ് ബാറിയോസിന്റെ വകയായിരുന്നു. ഗോള്‍ നേടാനായില്ലെങ്കിലും മൂന്നു ഗോളുകളുടെ സൂത്രധാരനായാണ് സൂപ്പര്‍താരം ലയണല്‍ മെസി കളംനിറഞ്ഞത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയെയാണ് അര്‍ജന്റീന നേരിടുക.

നന്നായി കളിക്കുമ്പോഴും ഗോളടിക്കാന്‍ മറക്കുന്നവരെന്ന വിമര്‍ശനത്തിന് മറുപടി നല്‍കിയാണ് അര്‍ജന്റീനയുടെ ഫൈനല്‍പ്രവേശം. പതിനഞ്ചാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക് വലയിലെത്തിച്ച് മാര്‍കോസ് റോജോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ഇരുപത്തിയേഴാം മിനിറ്റില്‍ പാസ്‌റ്റോര്‍ ലീഡുയര്‍ത്തി. മുപ്പത് മിനിറ്റിനിടെ സ്ട്രൈക്കര്‍മാരായ ഗോണ്‍സാലസും സാന്റാക്രൂസും പരുക്കേറ്റ് മടങ്ങിയത് പരാഗ്വേയ്ക്ക് തിരിച്ചടിയായി. പകരമെത്തിയ ലൂക്കാസ് ബാരിയോസ് ഇടവേളയ്ക്ക് മുന്‍പ് കളി ആവേശകരമാക്കി. തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു ബാരിയോസ് വരവറിയിച്ചത്.

എന്നാല്‍ ബാരിയോസിന്റെ ഗോള്‍ നല്‍കിയ ആവേശം തുടരാന്‍ പരാഗ്വെയ്‌ക്കു സാധിച്ചില്ല. രണ്ടാംപകുതിയില്‍ പരാഗ്വേയുടെ തന്ത്രങ്ങളെല്ലാം പാളുന്നതാണ് കണ്ടത്. ആറു മിനിറ്റിനിടെ രണ്ടുതവണ ലക്ഷ്യം കണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ ഫൈനലുറപ്പാക്കി. തിരിച്ചുവരാനാകാതെ പതറിയ പരാഗ്വെയുടെ മറുവില്‍ ഉപ്പു പുരട്ടിക്കൊണ്ട്  അഗ്യൂറോയും ഹിഗ്വേയ്‌നും പട്ടികതികച്ചതോടെ അര്‍ജന്റീന ആധികമാരികമായി ഫൈനലിലെത്തി. മല്‍സരത്തില്‍ ഗോളടിച്ചില്ലെങ്കിലും മൂന്നു ഗോളുകള്‍ക്കു വഴിയൊരുക്കുകയും അര്‍ജന്റീനയുടെ മുന്നേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്ത ലയണല്‍ മെസി തന്നെയായിരുന്നു സെമിയിലും കളംനിറഞ്ഞത്.

1993നു ശേഷം അര്‍ജന്റീനയ്‌ക്കു കോപ്പ അമേരിക്കയില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 2004ലും 2007ലും ഫൈനലിലെത്തിയെങ്കിലും ചിരവൈരികളായ ബ്രസീലിനോടു തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി. എന്നാല്‍ ദേശീയ ടീമിലെത്തിയശേഷം ഒരു കിരീടംപോലും നേടാനായിട്ടില്ലെന്ന പേരുദോഷം മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാകും സൂപ്പര്‍താരം ലയണല്‍ മെസി ചിലിക്കെതിരായ ഫൈനലില്‍ ബൂട്ടണിയുക. ഇതിഹാസതാരം ഡീഗോ മാറഡോണയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാകണമെങ്കില്‍ ദേശീയ ടീമിനുവേണ്ടി കിരീടം വേണമെന്ന തിരിച്ചറിവ് മെസിക്കുമുണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ അര്‍ജന്റീനയുടെ ആക്രമണനിരയെ നേരിടാന്‍ ചിലി ഇറങ്ങുമ്പോള്‍ കലാശപ്പോര് ആവേശഭരിതമാകുമെന്ന് ഉറപ്പായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.