അര്‍ജന്റീന സെമിയില്‍; വെനസ്വേലയെ തകര്‍ത്തത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്

ഫോക്‌സ്ബറോ:കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍ കടന്നു. വെനസ്വേലയെ തകര്‍ത്തത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ്.ഹിഗ്വന്റെ ഇരട്ടഗോളും മെസി, ലമേല എന്നിവരുടെ ഗോളുകള്‍ ആണ് വെനസ്വേലയെ തകര്‍ക്കാന്‍ സഹായിച്ചത്. ഗോള്‍ മഴ സൃഷ്ടിച്ചും മെസി ഗോളടിച്ചും അര്‍ജന്റീന ആരാധകരുടെ സ്വപ്‌നം സഫലമാക്കിയപ്പോള്‍ വെനസ്വേല ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍റ്റി തുലച്ചു. ടൂര്‍ണമെന്റില്‍ മാരകഫോമില്‍ കളിക്കുന്ന അര്‍ജന്റീനയ്ക്കായി മത്സരത്തിന്റെ തുടക്കം മുതല്‍ മെസി ഇറങ്ങിയതാണ് മത്സരത്തിന്റെ പ്രത്യേകത. കളിക്കാനും കളി മെനയാനും അസാദ്ധ്യ മിടുക്കുളള മെസി വന്നതോടെ അര്‍ജന്റൈന്‍ ആക്രമണങ്ങളില്‍ ഒരു സൂഷ്മത വന്നു തുടങ്ങിയിരുന്നു. കളിയുടെ തുടക്കം മുതല്‍ ഇക്കാര്യം കണ്ടു തുടങ്ങി. ഹിഗ്വന്‍ എട്ടാം മിനിറ്റില്‍ ആദ്യഗോള്‍ നേടി. രണ്ടു ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ 40 അടി അകലത്ത് നിന്നും മെസി നല്‍കിയ ത്രൂപാസ് ഹിഗ്വന്‍ വലയിലാക്കി. 20 മിനിറ്റിന് ശേഷം ഹിഗ്വന്‍ തന്നെ അര്‍ജന്റീനയുടെ ലീഡ് ഉയര്‍ത്തി. ഈ ഗോളിന്റെ ക്രഡിറ്റ് പൂര്‍ണ്ണമായും ഹിഗ്വനുള്ളതാണ്. വെനസ്വേല പ്രതിരോധത്തെ പിന്നിലാക്കി മികച്ച ഓട്ടം നടത്തിയ ഹിഗ്വന്‍ പോകുന്ന പോക്കില്‍ പന്ത് വലയില്‍ തള്ളി. പിന്നെയും ആക്രമണം തുടരുന്നതിനിടയില്‍ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം വെനസ്വേല കൈവിട്ടു. മാര്‍ട്ടീനസിനെ അര്‍ജന്റൈന്‍ ഗോളി റോമേറോ കൈകാര്യം ചെയ്തതിന് വെനസ്വേലയ്ക്ക് പെനാല്‍റ്റി. കിക്കെടുത്ത ലൂയിസ് സെയ്ജാസിന്റെ അടി റോമേറോയുടെ കയ്യിലായിരുന്നു.

ആദ്യ പകുതി രണ്ടു ഗോള്‍ ലീഡുമായി പോയ അര്‍ജന്റീന രണ്ടാം പകുതിയിലും വിട്ടില്ല. തുടര്‍ച്ചയായി ആക്രമിക്കുന്നതിനിടയില്‍ 60 ാം മിനിറ്റില്‍ മൂന്നാം ഗോള്‍ മെസി പേരിലാക്കി. ഹെര്‍ണാണ്ടസിന്റെ കാലില്‍ നിന്നായിരുന്നു ഈ ഗോളിന്റെ തുടക്കം. ഗെയ്റ്റന്‍ നല്‍കിയ പന്ത് മെസി സുന്ദരമായി വലയിലാക്കി. രാജ്യത്തിന് വേണ്ടി മെസി കുറിച്ച 54 ാം ഗോളായിരുന്നു ഇത്. ഇതോടെ അര്‍ജന്റീനയിലെ ടോപ് സ്‌കോറര്‍ മാരില്‍ പെടുന്ന ഗബ്രിയേല ബാറ്റിസ്റ്റൂട്ടയ്‌ക്കൊപ്പമായി മെസ്സി. അടുത്തത് വെനസ്വേലയുടെ ഊഴമായിരുന്നു. മെസിയുടെ ഗോള്‍ വന്ന് പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഗുവേറ എടുത്ത കോര്‍ണറില്‍ തലവെച്ച് സലോമോന്‍ റോന്‍ഡന്‍ ഗോള്‍ കുറിച്ചു. തൊട്ടടുത്ത മിനിറ്റില്‍ അര്‍ജന്റീന തങ്ങളുടെ അവസാന ഗോളടിച്ച് വീണ്ടും വെനസ്വേലയെ ഞെട്ടിച്ചു. വെനസ്വേലയന്‍ പ്രതിരോധ പിഴവ് മുതലെടുത്ത് അര്‍ജന്റീനയുടെ ലാമേലയായിരുന്നു ഗോള്‍ കുറിച്ചത്്.

© 2022 Live Kerala News. All Rights Reserved.