ഒടുവില്‍ അര്‍ജന്റീന വീണു; പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജേതാക്കളായ ചിലിയ്ക്ക് കോപ്പ അമേരിക്ക ശതാബ്ദി കപ്പ്; ദുരന്തനായകനായി മെസ്സി

ന്യുജെഴ്‌സി: ഒടുവില്‍ ആരാധകരുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തി അര്‍ജന്റീന വീണു. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കിരീടമില്ലാതെ മടങ്ങാന്‍തന്നെയായിരുന്നു ലയണല്‍ മെസ്സിയ്ക്കും കൂട്ടര്‍ക്കും വിധി. മല്‍സരവേദിയും ഫലം നിര്‍ണയിച്ച രീതിയും സ്‌കോറും മാറിയെങ്കിലും പോരടിച്ച ടീമുകളും ഫലവും ആവര്‍ത്തിച്ചു. ചിലിയിലെ സാന്തിയാഗോയിലെ 4-1ന് ഷൂട്ടൗട്ടില്‍ നേടിയ കിരീടം യുഎസിലെ ന്യൂജേഴ്‌സിയില്‍ 4-2ന് ചിലി നിലനിര്‍ത്തി. ഷൂട്ടൗട്ടില്‍ പന്ത് പുറത്തേക്കടിച്ചതോടെ ലയണല്‍ മെസ്സി ദുരന്തനായകനായി. മുഴുവന്‍ സമയത്തും ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായിരുന്നില്ല. ബ്രസീലിന് ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി. 2014ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ അര്‍ജന്റീന, കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലില്‍ ആതിഥേയരായ ചിലിയോട് ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു.
ആദ്യപകുതിയില്‍തന്നെ രണ്ടു ചുവപ്പുകാര്‍ഡുകള്‍ പുറത്തെടുത്ത ബ്രസീലിയന്‍ റഫറി ഹെബര്‍ ലോപ്പസ്, ‘മഞ്ഞക്കാര്‍ഡുകളിലൂടെയും’ ശ്രദ്ധനേടി. ആദ്യ പകുതിയില്‍ അഞ്ചു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കുമായി ലഭിച്ച മികച്ചതെന്ന് പറയാവുന്ന ഏക അവസരം തേടിയെത്തിയത് ഹിഗ്വയിനെ. സെമിയില്‍ യുഎസ്എയ്‌ക്കെതിരെ നേടിയ രണ്ടാം ഗോളിന് സമാനമായിരുന്നു ഹിഗ്വയിന് ലഭിച്ച അവസരം. അപ്പോള്‍ കളിക്ക് പ്രായം 23 മിനിറ്റ്. എതിര്‍ടീം കളിക്കാരന്റെ ബാക്ക്പാസ് പിടിച്ചെടുത്ത് മുന്നേറിയ ഹിഗ്വയിന്‍ ഗോളിമാത്രം മുന്നില്‍ നില്‍ക്കെ തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. 28-ാം മിനിറ്റില്‍ത്തന്നെ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട അല്‍ഫോന്‍സോ ഡയസ് റോജാസ് പുറത്തുപോയതോടെ ചിലി 10 പേരായി ചുരുങ്ങി. 43-ാം മിനിറ്റില്‍ ചിലെ താരം വിദാലിനെ ഫൗള്‍ ചെയ്‌തെന്ന് കാട്ടി അര്‍ജന്റീന താരം മാര്‍ക്കോസ് ആല്‍ബര്‍ട്ടോ റോജോയ്ക്ക് റഫറി സ്‌ട്രൈറ്റ് ചുവപ്പുകാര്‍ഡ് നല്‍കിയതോടെ ഇരുടീമുകളിലും 10 പേര്‍വീതം. ഭാഗ്യം ഇല്ലാതെ പോയതാണ് അര്‍ജകന്റീനയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ വിജയം ഓടി മറയാന്‍ കാരണം.

© 2024 Live Kerala News. All Rights Reserved.