ഫൈനല്‍ ഉറപ്പിച്ച് അര്‍ജന്റീന; അമേരിക്കയെ തകര്‍ത്തത് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്; ഗോള്‍ റെക്കോഡ് നേട്ടത്തില്‍ മെസ്സി

ഹൂസ്റ്റണ്‍: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് അര്‍ജന്റീന അമേരിക്കയെ തകര്‍ത്തത്. സൂപ്പര്‍താരവും നായകനുമായ മെസിയുടെ മികവിലാണ് അര്‍ജന്റീനയുടെ ഫൈനല്‍ മുന്നേറ്റവും.ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും മെസി ചെയ്തു.ഗോണ്‍സാലോ ഹിഗ്വയ്ന്‍ അര്‍ജന്റീനക്കായി ഇരട്ടഗോളുകള്‍ നേടി.എസ്‌ക്വല്‍ ലെവസി, മെസി എന്നിവരാണ് മറ്റുഗോളുകള്‍ കരസ്ഥമാക്കിയത്.ടൂര്‍ണമെന്റിലെ അഞ്ചാമത്തെ ഗോള്‍ നേട്ടത്തോടെ അര്‍ജന്റീനക്കായി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന താരമായി മെസി മാറി.

ഗോള്‍വേട്ടയില്‍ മെസ്സി മുന്‍ ഇതിഹാസ താരം ബാറ്റിസ്റ്റിയൂട്ടയെ ആണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇതോടെ മെസ്സിയുടെ അന്താരാഷ്ട്ര ഗോള്‍ നേട്ടം 55 ആയി. ബാറ്റിയുടെ 54 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് മെസ്സി തിരുത്തിക്കുറിച്ചത്. മെസ്സിയുടെ 112 ആം മത്സരമായിരുന്നു ഇത്. സെമിഫൈനല്‍ രണ്ടാം പകുതി കടന്നപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. കളിതുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലെവോസി അര്‍ജന്റീനക്ക് വേണ്ടി ആദ്യഗോള്‍ നേടി. 32 ആം മിനുട്ടില്‍ തന്റെ സ്വതസിദ്ധമായ ഫ്രീകിക്കിലൂടെയാണ് മെസ്സി ചരിത്രമായി മാറിയ ഗോള്‍ നേടിയത്. വെനസ്വലെയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളുകള്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്തിയത്. 111 മത്സരങ്ങളില്‍ നിന്നായിരുന്നു മെസ്സിയുടെ 54 ഗോളുകള്‍ പിറന്നതെങ്കില്‍ ബാറ്റി വെറും 77 മത്സരങ്ങളില്‍ നിന്നാണ് 54 ഗോളുകള്‍ അടിച്ചുകൂട്ടിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ വന്നത്. അമ്പത്തിരണ്ടാം മിനിട്ടില്‍ ഹിഗ്വയിന്റെ വകയായിരുന്നു ഗോള്‍. എണ്‍പത്തിയാറാം മിനിട്ടില്‍ മെസ്സി നല്‍കിയ മനോഹരമായ പാസ്സലൂടെ ഹിഗ്വെയിന്‍ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. സ്വന്തം രാജ്യത്തിനായി ഗോളുകള്‍ നേടുന്നില്ലെന്ന വിമര്‍ശനത്തിന് ഒന്നിന് പിറകെ ഒന്നായി മറുപടി നല്‍കുകയാണ് ലോക ഫുട്‌ബോളിലെ മാന്ത്രിക താരമായ ലയണല്‍ മെസ്സി. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.