രണ്ടാം ജയത്തോടെ കൊളംബിയ ക്വാര്‍ട്ടറില്‍; പൊരുതിക്കളിച്ച പാരഗ്വായ് മൂന്നാം സ്ഥാനത്ത്

കലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ കൊളംബിയ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. പൊരുതിക്കളിച്ച പാരഗ്വായ്‌ക്കെതിരെ 21നായിരുന്നു കൊളംബിയയുടെ വിജയം. വിജയികള്‍ക്കായി കാര്‍ലോസ് ബാക്ക (12), ഹാമിഷ് റോഡ്രിഗസ് (30) എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ വിക്ടര്‍ അയാളയുടെ (71) വകയായിരുന്നു പാരഗ്വായുടെ ആശ്വാസ ഗോള്‍. രണ്ടാം വിജയത്തോടെ ആറു പോയിന്റുമായാണ് കൊളംബിയ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. രണ്ടു കളികളില്‍നിന്ന് ഒരു പോയിന്റ് മാത്രമുള്ള പാരഗ്വായ് മൂന്നാം സ്ഥാനത്താണ്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയുടെ പ്രകടനവും കൊളംബിയന്‍ വിജയത്തില്‍ നിര്‍ണായകമായി. മൂന്നു മിനിറ്റിനിടെ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ വാങ്ങിയ ഓസ്‌കര്‍ റൊമേരോ പുറത്തുപോയതിനെ തുടര്‍ന്ന് 10 പേരുമായാണ് പാരഗ്വായ് മല്‍സരം പൂര്‍ത്തിയാക്കിയത്. 79, 81 മിനിറ്റുകളിലാണ് റൊമേരോ കാര്‍ഡ് വാങ്ങിയത്.

മല്‍സരം തുടങ്ങി അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും കൊളംബിയ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. അമേരിക്കെതിരെ ആദ്യമല്‍സരത്തില്‍ നേടിയതിന് സമാനമായി കോര്‍ണറില്‍നിന്നായിരുന്നു കൊളംബിയയുടെ ആദ്യഗോള്‍. സൂപ്പര്‍താരം ഹാമിഷ് റോഡ്രിഗസ് കോര്‍ണറില്‍നിന്ന് ഉയര്‍ത്തിവിട്ട പന്തിനെ തലകൊണ്ടു കൊത്തി പാരഗ്വായ് വലയിലിട്ട കാര്‍ലോസ് ബാക്ക് കൊളംബിയയ്ക്ക് ലീഡ് നല്‍കി. കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ നിന്ന് കൊളംബിയുടെ 11ാം ഗോള്‍. ഗോള്‍ മടക്കാനുള്ള പാരഗ്വായുടെ ശ്രമങ്ങള്‍ക്കിടെ 30ാം മിനിറ്റില്‍ കൊളംബിയ ലീഡ് വര്‍ധിപ്പിച്ചു. ആദ്യഗോളിന് വഴിയൊരുക്കിയ റോഡ്രിഗസായിരുന്നു സ്‌കോറര്‍. കാര്‍ലോസ് ബാക്കയില്‍ നിന്ന് തുടങ്ങി കാര്‍ഡോണ ബെഡോയ വഴിയെത്തിയ പന്തില്‍ റയല്‍ മഡ്രിഡ് താരത്തിന്റെ ഇടംകാല്‍ ഷോട്ടില്‍ പന്ത് നേരെ വലയില്‍ വീണു.

ലീഡ് വര്‍ധിപ്പിക്കാന്‍ കൊളംബിയയും തിരിച്ചടിക്കാന്‍ പാരഗ്വായും ശ്രമം ശക്തമാക്കിയതോടെ മല്‍സരം ആവേശകരമായി. ഗോള്‍ മടക്കാനുള്ള പാരഗ്വായ് ശ്രമങ്ങള്‍ക്കു മുന്നില്‍ മിക്കപ്പോഴും വിലങ്ങുതടിയായത് തകര്‍പ്പന്‍ ഫോമിലായിരുന്ന കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിന. ഗോളെന്നുറപ്പിച്ച രണ്ടിലധികം ഷോട്ടുകളാണ് ഒസ്പിനയുടെ മിടുക്കുമൂലം ഒഴിഞ്ഞുപോയത്. ഒടുവില്‍ കളിയുടെ 71ാം മിനിറ്റില്‍ വിക്ടര്‍ അയാളയുടെ ഷോട്ട് ഒസ്പിനയെ കീഴടക്കി. 25 വാര അകലെനിന്നും അയാള തൊടുത്ത ഷോട്ട് ഒസ്പിനയെ കീഴടക്കി വലയില്‍. അയാളയുടെ ആദ്യ രാജ്യാന്തര ഗോള്‍. സ്‌കോര്‍ 21. തിരിച്ചടിക്കാനുള്ള പാരഗ്വായുടെ തുടര്‍ശ്രമങ്ങളെ തുടര്‍ന്നുള്ള 20 മിനിറ്റും വിദഗ്ധമായി പ്രതിരോധിക്കാന്‍ കൊളംബിയയ്ക്കായതോടെ രണ്ടാം ജയവുമായി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

© 2024 Live Kerala News. All Rights Reserved.