Exclusive: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ റാക്കറ്റിനെ സംരക്ഷിക്കാന്‍ ആഭ്യന്തര വകുപ്പില്‍ വന്‍ ഗൂഡാലോചന. പോലീസിലെ പ്രമുഖരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കി.

കോഴിക്കോട്: സംസ്ഥാനത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ റാക്കിറ്റിനെ സംരക്ഷിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഗൂഡാലോചന. വിവിധ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണക്കേസ് ഒതുക്കി തീര്‍ക്കാനാണ് ആഭ്യന്തര വകുപ്പിലെ ഒരു വിഭാഗം ശ്രമം നടത്തുന്നത്. നിര്‍മ്മാണ റാക്കറ്റില്‍ നിന്ന് വലിയ സമ്മര്‍ദമാണ് പോലീസിനുണ്ടാകുന്നത്.

പണം നല്‍കിയാല്‍ ഏത് സര്‍ട്ടിഫിക്കറ്റും തയ്യാറാക്കി നല്‍കുന്ന റാക്കറ്റില്‍പെട്ട രണ്ടു പേരെ വടകര പോലീസ് പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്നലെ(25.6.15) രാവിലെ പോലീസ് സ്‌റ്റേഷനില്‍ നിന്നു മാധ്യമങ്ങള്‍ക്കു ലഭിക്കുകയും ചെയ്തു. എന്നാല്‍ വൈകിട്ടോടെ കഥ മാറി. ആരേയും പിടികൂടിയിട്ടില്ലെന്നും, കേസ് രജിസ്ട്രര്‍ ചെയ്യുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.

റാക്കറ്റില്‍പെട്ടവര്‍ക്ക് ആഭ്യന്തര വകുപ്പുമായുള്ള അടുത്ത ബന്ധമാണ് ഇത്തരമൊരു നീക്കത്തിനു കാരണമായി പറയുന്നത്. പോലീസുകാരെ വിവിധ രൂപത്തില്‍ സല്‍ക്കരിക്കാന്‍ മിടുക്കനാണ് റാക്കറ്റിലെ പ്രമുഖന്‍. പോലീസിന്റെ ഏത് നീക്കവും മുന്‍കൂട്ടി അറിയാന്‍ സേനയില്‍ തന്നെ ഇയാള്‍ക്ക് ആളുണ്ട്. യതീഷ് ചന്ദ്ര ഐപിഎസ് വടകര എഎസ്പിയായിരിക്കെ പല തവണ ആ റാക്കറ്റിനെ ഒതുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ യതീഷ് ചന്ദ്ര എറണാകുളം റൂറല്‍ എസ്പിയായി പോയതോടെയാണ് വ്യാജ സര്‍ട്ടിഫ്ക്കറ്റ് മാഫിയ വീണ്ടു തലപൊക്കിയിരിക്കുന്നത്. വ്യാജ റാക്കറ്റിനെ അമര്‍ച്ച ചെയ്യേണ്ട പോലീസിലെ ഉന്നതര്‍ തന്നെ ഇവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ബിഎ ഹ്യൂമാനിറ്റീസ് സര്‍ട്ടിഫിക്കറ്റ് അയ്യായിരം രൂപക്ക് പോലീസിലെ ഉന്നതന്‍ സ്വന്തമാക്കിയെന്നാണ് വിവരം.

ഏത് യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും ഇവര്‍ നിര്‍മിക്കും. ഇതിനു പുറമെ ജനന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, പേര് തിരുത്തല്‍ എന്നിങ്ങനെ സര്‍ക്കാര്‍തലത്തില്‍ ഏത് വഴിവിട്ട കാര്യങ്ങളും ചെയ്തുകൊടുക്കും. കോര്‍പറേഷന്റെയും മുനിസിപ്പാലിറ്റിയുടെയും രേഖകള്‍ അതേപടി നിര്‍മിച്ച് നല്‍കും. നേവിയില്‍ ജോലി കിട്ടാന്‍ ഒരാള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ട സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഈ റാക്കറ്റ് ശരിയാക്കി കൊടുത്തിട്ടുണ്ടെന്നു പോലീസിനു തന്നെ വിവരമുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമായും വിദേശത്തേക്ക് പോകുന്നവര്‍ക്കാണ് തരപ്പെടുത്തി കൊടുക്കുന്നത്. ഡിഗ്രിയുള്ളവര്‍ക്ക് വിദേശത്ത് പരിഗണന ലഭിക്കുന്നതിനാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിനായി പലരും ഇവരെ സമീപിക്കുന്നു. അയ്യായിരം മുതല്‍ ഇരുപതിനായിരം വരെ വാങ്ങുന്നു. പരിശോധന നടക്കുന്നതിനാല്‍ ഇന്ത്യയിലെ ആവശ്യങ്ങള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നില്ലത്രെ.

© 2024 Live Kerala News. All Rights Reserved.