പീഡനക്കേസ് ഒതുക്കാന്‍ ലക്ഷങ്ങള്‍ കൈക്കൂലി; എറണാകുളം നോര്‍ത്ത് സി.ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: സ്ത്രീ പീഡന കേസ് കൈക്കൂലി വാങ്ങി ഒത്തുതീര്‍പ്പാക്കിയതിന് എറണാകുളം നോര്‍ത്ത് സിഐക്ക് സസ്‌പെന്‍ഷന്‍.എറണാകുളം നോര്‍ത്ത് സി.ഐ: ടി.ബി. വിജയനെയാണ് സസ്‌പെന്റു ചെയ്തിരിക്കുന്നത്. എറണാകുളം നഗരമധ്യത്തില്‍ യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ് ടി.ബി. വിജയന്‍ കൈക്കൂലി വാങ്ങി ഒതുക്കിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് നഗരമധ്യത്തില്‍ പൂട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു. ഈ കേസ് ഒതുക്കിതീര്‍ക്കാന്‍ 13 പ്രതികളില്‍നിന്ന് ഏഴുലക്ഷം വീതം പിരിച്ച് അഞ്ചുലക്ഷം വീതം പെണ്‍കുട്ടിക്കു നല്‍കിയശേഷം രണ്ടുലക്ഷം വീതം പൊലീസുകാരും അഭിഭാഷകരും അടങ്ങുന്ന സംഘം വീതിച്ചെടുത്തെന്നാണ് സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കമ്പനിയുടെ ഉടമ ആദ്യം പീഡിപ്പിച്ചശേഷം പാലാരിവട്ടത്തെ ഒരു ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു മറ്റു പലര്‍ക്കും കാഴ്ചവച്ചെന്നതാണ് കേസ്.ഇത് കൂടാതെ മറ്റൊരു കേസ് കൂടിയുണ്ട്.. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഉയര്‍ന്ന ഒരു കേസില്‍ തമിഴ്‌നാട് സ്വദേശിയായ ഒരു ഇടനിലക്കാരനില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. ഒപ്പം സ്ത്രീ പീഡന കേസില്‍ കൈക്കൂലി വാങ്ങി മുക്കിയെന്ന കേസിലെ അന്വേഷണ റിപ്പോര്‍ട്ടും നടപടിക്ക് കാരണമായി.സംസ്ഥാന പോലീസിനൊന്നാകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.