കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് കിരീടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ത്രില്ലര്‍ ഫൈനലില്‍ നാല് വിക്കറ്റിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തത്്. നിര്‍ണായകമായ അവസാന ഓവറില്‍ നാല് കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ കാര്‍ലോസ് ബ്രെത്ത്വെയ്റ്റാണ് വിന്‍ഡീസ് ഹീറോ. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം എത്തിപ്പിടിക്കാന്‍ അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് വേണ്ടി തുടര്‍ച്ചയായി നാല് കൂറ്റന്‍ സിക്‌സറുകള്‍ പറത്തി ബ്രെത്ത്വെയ്റ്റ് വിജയവും കൂടെ കിരീടവും എത്തിപ്പിടിക്കുകയായിരുന്നു. ബ്രെത്ത്വെയ്റ്റ് 10 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. 66 പന്തില്‍ 85 റണ്‍സെടുത്ത മാര്‍ലോണ്‍ സാമുവല്‍സാണ് വിന്‍ഡീസ് വിജയത്തിന് അടിത്തറ പാകിയത്. 25 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോ മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റ്‌സ്മാന്‍.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിന്റെ കുതിപ്പിന് ഊര്‍ജം പകര്‍ന്ന ഓപ്പണര്‍മാര്‍ ഇരുവരെയും ഒന്‍പത് റണ്‍സിനിടെ പുറത്താക്കി വിന്‍ഡീസ് തുടക്കം മികച്ചതാക്കിയെങ്കിലും നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (61) തീര്‍ത്ത ജോ റൂട്ട്‌ജോസ് ബട്‌ലര്‍ സഖ്യമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ജോ റൂട്ട് അര്‍ധസെഞ്ചുറി (36 പന്തില്‍ 56) നേടി. ജോസ് ബട്‌ലര്‍ 22 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ 36 റണ്‍സെടുത്ത് പുറത്തായി. വെസ്റ്റ് ഇന്‍ഡീസിനായി ബ്രാത്ത്‌വയ്റ്റ്, ബ്രാവോ എന്നിവര്‍ മൂന്നും ബദ്രി രണ്ടും വിക്കറ്റ് വീഴ്ത്തി.