ആദ്യ സെമിപോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ഇംഗ്ലണ്ടും ന്യൂസിലാന്റും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ പോരാട്ടം ഇന്ന്. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കന്നി കിരീടം ലക്ഷ്യമിടുന്ന ന്യൂസിലാന്റും മത്സരിക്കും. പ്രാഥമിക റൗണ്ടില്‍ കളിച്ച മത്സരങ്ങളെല്ലാം ജയിച്ച് മുന്നേറിയ കിവീസും ആദ്യ കളിയിലെ തോല്‍വിക്കു ശേഷം തുടര്‍ച്ചയായ മൂന്നു ജയങ്ങളോടെ സെമിയിലെത്തിയ ഇംഗ്ലീഷുകാരും കൊമ്പുകോര്‍ക്കുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം ആര്‍ക്കുമില്ല. ഓള്‍റൗണ്ടര്‍മാരുടെ എണ്ണത്തിലെ അധികബലം ഇംഗ്ലണ്ടിനുണ്ടെങ്കിലും മികച്ച സ്പിന്നര്‍മാര്‍ ന്യൂസിലാന്റിന്റെ പ്രതീക്ഷകള്‍ക്ക് ഉത്തേജനം നല്‍കുന്നു. ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നീ ലോകോത്തര പേസ് ബൗളര്‍മാരെ പുറത്തിരുത്തിയുള്ള കിവീസിന്റെ സ്പിന്‍ പരീക്ഷണം കഴിഞ്ഞ നാലു മത്സരങ്ങളിലും വിജയമായിരുന്നു.

വിന്‍ഡീസിനോട് തോറ്റതിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ 229 റണ്‍സ് വാശിയോടെ ചേസ് ചെയ്ത് നേടിയ വിജയം ഇംഗ്ലണ്ടിന്റെ ബാറ്റിങ് കരുത്തിന് അടിവരയിടുന്നതാണ്. ജോ റൂട്ട്, ജോസ് ബട്ട്‌ലര്‍, ജേസണ്‍ റോയ് എന്നിവരാണ് സൂപ്പര്‍ 10 മത്സരങ്ങളില്‍ ഇംഗ്ലീഷ് ബാറ്റിങിന് കരുത്തു പകര്‍ന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ വിരാട് കോഹ്‌ലി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് റൂട്ടാണ്. അലക്‌സ് ഹേല്‍സ്, ഇയോന്‍ മോര്‍ഗന്‍ എന്നിവര്‍ ഫോമിലെത്താത്തതാണ് ഇംഗ്ലണ്ടിന്റെ തലവേദന. ചെറിയ സ്‌കോറുകള്‍ പ്രതിരോധിക്കുന്നതില്‍ മികവ് കാട്ടുന്ന ന്യൂസിലാന്റ് പാകിസ്താനെതിരെ 180 അടിച്ചതൊഴിച്ചാല്‍ 150നു മുകളില്‍ റണ്‍സ് നേടിയിട്ടില്ല. 125 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്ടില്‍ ആണ് അവരുടെ വലിയ റണ്‍വേട്ടക്കാരന്‍. അതേസമയം കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, കോളിന്‍ മുണ്‍റോ, ലൂക്ക് റോങ്കി തുടങ്ങി ബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റുള്ളവര്‍ സ്ഥിരത പുലര്‍ത്തുന്നില്ല. ഇന്ത്യന്‍ പിച്ചുകളെ വിശദമായി പഠിച്ച് കിവീസ് തയാറാക്കിയ ബൗളിങ് പ്ലാന്‍ ഇതുവരെയുള്ള മത്സരങ്ങളില്‍ ഫലപ്രദമായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, നതാന്‍ മക്കല്ലം എന്നിവരുടെ സ്പിന്‍ ബൗളിങ് എതിര്‍ ബാറ്റ്‌സ്മാന്മാരെ കുഴക്കി. റണ്‍സ് വഴങ്ങുന്നു എന്നതാണ് സ്പിന്നും പേസുമടങ്ങിയ ഇംഗ്ലീഷ് ബൗളിങിന്റെ പ്രധാന പോരായ്മ. ഫിറോസ് ഷാ കോട്‌ലയിലെ വിക്കറ്റ് സ്പിന്നര്‍മാരെ തുണക്കുമെന്ന സൂചനയുള്ളതിനാല്‍ മുഈന്‍ അലിയിലും ആദില്‍ റാഷിദിലുമാവും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.

© 2024 Live Kerala News. All Rights Reserved.