ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് ഫൈനലില്‍; വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ച്വറി പാഴായി

മുംബൈ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് അനായാസേനയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ മറികടന്നത്. ജോണ്‍സണ്‍ ചാള്‍സും (36 പന്തില്‍ 52) ലെന്‍ഡില്‍ സിമ്മണ്‍സും (51 പന്തില്‍ 83) ആന്ദ്ര റസ്സലുമാണ് (20 പന്തില്‍ 43) നെഹ്‌റ ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചു പരത്തിയത്. സിമ്മണ്‍സും ചാള്‍സും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ചാള്‍സ് ഔട്ടായപ്പോള്‍ റസലും സിമ്മണ്‍സും 6.3 ഓവറില്‍ 80 റണ്‍സാണ് അടിച്ചുകൂട്ടിയത്. മത്സരത്തിലെ സ്റ്റാര്‍ ബാറ്റ്‌സമാനായ സിമ്മണ്‍സിനെ രണ്ടു തവണ ഇന്ത്യ ഔട്ടാക്കിയിരുന്നെങ്കിലും രണ്ടും നോ ബോളുകളായിരുന്നു. വ്യക്തിഗത സ്‌കോര്‍ 18ല്‍ നില്‍ക്കെ അശ്വിന്‍ എറിഞ്ഞ പന്തില്‍ ബുംറ സിമ്മണ്‍സിനെ പിടിച്ചെങ്കിലും റീപ്ലെയില്‍ നോബോളാണെന്ന് തെളിയുകയായിരുന്നു. പിന്നീട് 50 റണ്‍സെടുത്തിരിക്കെ പാണ്ഡ്യയുടെ ബോളില്‍ അശ്വിന് സിമ്മണ്‍സ് ക്യാച്ച് നല്‍കിയെങ്കിലും അതും നോ ബോളാകുകയായിരുന്നു. രോഹിതിന്റെയും (43) രഹാനെയുടെയും (40) കോഹ്‌ലിയുടെയും (89) മികവിലാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടിയെടുക്കാന്‍ സാധിച്ചിരുന്നത്. മൂന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഇവരുടെ ബാറ്റില്‍ നിന്നും പിറന്നത്.

© 2024 Live Kerala News. All Rights Reserved.