ഇന്ത്യന്‍ ബോളര്‍മാരുടെ രണ്ടു നോബോളുകള്‍ മത്സരം അനുകൂലമാക്കി; സിമ്മണ്‍സ്

മുംബൈ: ട്വിന്റി 20 ലോകകപ്പില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസു തമ്മിലുള്ള സെമി മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന്റെ വിജയത്തിന് പിന്നില്‍ ഇന്ത്യന്‍ ബോളര്‍മാരുടെ രണ്ടു നോബോളുകളാണ് അനുകൂലമാക്കി മാറ്റിയതെന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍ ലെന്‍ഡല്‍ സിമ്മണ്‍സ്. താന്‍ പുറത്താവുകയും പുതിയ ഒരു ബാറ്റ്‌സ്മാന്‍ ക്രീസിലെത്തുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഒരുറപ്പുമില്ലെന്ന് സിമ്മണ്‍സ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ഏഴു വിക്കറ്റിനു വിജയിച്ച മല്‍സരത്തില്‍ രണ്ടു തവണ പുറത്തായിട്ടും നോബോള്‍ സിമ്മണ്‍സിന്റെ രക്ഷയ്‌ക്കെത്തിയിരുന്നു. ഒരു തവണ ക്യാച്ചില്‍ നിന്നു കൂടി രക്ഷപ്പെട്ട സിമ്മണ്‍സ് 82 റണ്‍സോടെ വിന്‍ഡീസിന്റെ ടോപ്‌സ്‌കോററായി. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന്റെ(52) പ്രകടനം സമ്മര്‍ദം കുറയ്ക്കാന്‍ ഒട്ടേറെ സഹായകമായെന്ന് സിമ്മണ്‍സ് പറഞ്ഞു. സാഹചര്യങ്ങള്‍ മനസ്സിലാക്കി കളിച്ച ചാള്‍സ് നേടിയ ബൗണ്ടറികള്‍ സമ്മര്‍ദം കുറയ്ക്കാന്‍ തുണച്ചു. ‘ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ലക്ഷ്യത്തെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നതു സഹായകമായി. മല്‍സരത്തിനു മുന്‍പ് ഞാന്‍ അല്‍പം സമ്മര്‍ദത്തിലായിരുന്നു. എങ്കിലും ഇത് എന്റെ ദിവസമായിരുന്നു. ഭാഗ്യം തുണച്ചു. കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ആവശ്യമായ വഴിക്കു വന്നു. ” ഇത്രയും വലിയ സ്‌കോര്‍ മറികടന്നത് വെസ്റ്റ് ഇന്‍ഡീസ് ഒരാളെ മാത്രം ആശ്രയിക്കുന്ന ടീം അല്ലാത്തതുകൊണ്ടാണെന്നും സിമ്മണ്‍സ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.