കോഹ്ലി ദൈവദൂതനായി; ഇന്ത്യ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്തു; ആവേശത്തിരയിലൊഴുകി ആരാധകവൃന്ദം

കൊല്‍ക്കത്ത: വിരാട് കോഹ്ലി ദൈവദൂതനായി ക്രീസില്‍ നിറഞ്ഞുനിന്നതോടെ ഇന്ത്യ ബദ്ധവൈരികളായ പാകിസ്ഥാന് മേല്‍ ആധിപത്യം സ്ഥാപിച്ചു. ആറ് വിക്കറ്റിന്റെ മിന്നുന്ന വിജയം മഹേന്ദ്രസിംഗ് ധോനിയും കൂട്ടരും ഉള്ളംകയ്യിലൊതുക്കി. 20-20 ലോകകപ്പില്‍ മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ (37 പന്തില്‍ 55) സെഞ്ചുറിയോളം പോന്നൊരു അര്‍ധസെഞ്ചുറി. സമ്മര്‍ദ്ദഘട്ടത്തില്‍ യുവരാജ് സിങ്ങുമൊത്ത് (23 പന്തില്‍ 24) കോഹ്ലി കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടത്. ഇതോടെ രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. പാക്കിസ്ഥാനും രണ്ടു പോയിന്റാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് കളികളും വിജയിച്ച് ന്യൂസീലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. സ്‌കോര്‍: പാക്കിസ്ഥാന്‍ 18 ഓവറില്‍ അഞ്ചിന് 118. ഇന്ത്യ 15.5 ഓവറില്‍ നാലിന് 119. ഏഷ്യാകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടത്തിന് സമാനമായിരുന്നു ഇന്നത്തെ മല്‍സരവും. അന്ന് മുഹമ്മദ് ആമിറിന്റെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ പതറി പരാജയത്തിലേക്ക് നീങ്ങിയ ഇന്ത്യയെ രക്ഷിച്ചത് നിലയുറപ്പിച്ചു കളിച്ച കോഹ്!ലിയുവരാജ് സഖ്യമായിരുന്നു. ഇന്നും 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി പരാജയം മുന്നില്‍ കണ്ട ഇന്ത്യയ്ക്ക് കരുത്തായത് അതേ കൂട്ടുകെട്ട്. 7.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 61 റണ്‍സ്. 23 പന്തില്‍ 24 റണ്‍സെടുത്ത യുവരാജിനെ വഹാബ് റിയാസ് പുറത്താക്കിയെങ്കിലും ഒന്‍പത് പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ 13 റണ്‍സെടുത്ത ധോണി കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. നേരത്തെ, 119 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സുള്ളപ്പോള്‍ രോഹിത് ശര്‍മ പുറത്തായി. സ്‌കോര്‍ 23ല്‍ എത്തിയപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ധവാനും റെയ്‌നയും പുറത്ത്. 11 പന്തില്‍ 10 റണ്‍സെടുത്ത രോഹിത് ശര്‍മയെ മുഹമ്മദ് ആമിര്‍ പുറത്താക്കിയപ്പോള്‍ 15 പന്തില്‍ ആറു റണ്‍സെടുത്ത ധവാനെ മുഹമ്മദ് സമി മടക്കി. തൊട്ടടുത്ത പന്തില്‍ സുരേഷ് റെയ്‌നയെ സമി സംപൂജ്യനാക്കി. പിന്നീടായിരുന്നു കോഹ്‌ലിയുവരാജ് സഖ്യത്തിന്റെ പ്രകടനം. ഇതാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തേകിയത്.

© 2024 Live Kerala News. All Rights Reserved.