അരുവിക്കരയില്‍ സിപിഎം പ്രചാരണം ഉപ്പില്ലാത്ത കഞ്ഞിപോലെ: വി.മുരളീധരന്‍

തിരുവനന്തപുരം: അരുവിക്കരയില്‍ സിപിഎമ്മിലെ പ്രഖ്യാപിത പാര്‍ട്ടിവിരുദ്ധര്‍ പരസ്യപ്രചാരണത്തിനിറങ്ങുമ്പോള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഉപ്പില്ലാത്ത കഞ്ഞിപോലെ അസ്വസ്ഥമാണ്. നാലു വര്‍ഷത്തെ യുഡിഎഫ് ഭരണം പരാജയമായിരുന്നുവെന്ന് മുഖ്യമന്ത്രി സമ്മതിച്ച കാര്യമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബ് സംഘടിപ്പിച്ച ‘അരുവിക്കരയ്ക്കയ്ക്കു ചുറ്റും’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം സംസ്ഥാനകമ്മറ്റി പാര്‍ട്ടി വിരുദ്ധന്‍ എന്ന് പ്രഖ്യാപിച്ച വി.എസ്.അച്യുതാനന്ദനാണ് അരുവിക്കരയില്‍ പരസ്യ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. അതിന്റെ അര്‍ത്ഥം ഔദ്യോഗിക നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. യുഡിഎഫ് ആണ് ബിജെപിയുടെ മുഖ്യ ശത്രു. സര്‍ക്കാര്‍ പരാജയമായതിനാലാണ് വില്ലേജ് ആഫീസര്‍ ചെയ്യേണ്ട ജോലികള്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ചെയ്യേണ്ടി വരുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പോലെയല്ല അരുവിക്കരയിലേത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് എംഎല്‍എ പാര്‍ട്ടിമാറിയതിനെ തുടര്‍ന്നാണ്. പിറവം ഉപതെരഞ്ഞെടുപ്പിനു സമാനമാണ് അരുവിക്കരയില്‍. എന്നാല്‍ പിറവത്തിലെ രാഷ്ട്രീയ കാലാവസ്ഥയല്ല അരുവിക്കരയില്‍. ഒ. രാജഗോപാല്‍ സ്ഥാനാര്‍ത്ഥി ആയതോടെ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലായി. ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും വികസനം തെല്ലും എത്താത്ത മണ്ഡലമാണ് അരുവിക്കര. ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐസര്‍ അരുവിക്കര മണ്ഡലത്തിലാണ്. ഈ സ്ഥാപനം ഇവിടെ ഉണ്ടായിരുന്നിട്ടും ഇതിനുസമീപത്ത് യാതൊരു വികസനവും നടന്നിട്ടില്ല. മണ്ഡലത്തില്‍ വരേണ്ട ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ട് യുഡിഎഫിലെ തര്‍ക്കം കാരണം ഫലവത്തായില്ല. എയിംസ് കേരളത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതൊന്നും ചെയ്തിട്ടുമില്ല. മണ്ഡലത്തില്‍ ഉടനീളം വികസനം നടത്തി എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇവിടത്തെ പട്ടികജാതി പട്ടിക വര്‍ഗ്ഗവിഭാഗക്കാരുടെ അവസ്ഥ എന്തെന്ന് നേരിട്ട് കാണണം. ആദിവാസി മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമെത്തിക്കാന്‍ ഭരണത്തിലിരുന്നപ്പോള്‍ ഇരുമുന്നണികള്‍ക്കുമായില്ല. അരുവിക്കരയില്‍ സിപിഎമ്മിന്റെ മത്സരം മൂന്നാം സ്ഥാനത്തിനാണ്. സിപിഎമ്മില്‍ നിന്ന് അണികള്‍ ധാരാളമായി ബിജെപിയിലേക്കെത്തുന്നുണ്ട്. ഇപ്പോള്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ ഭാവിയില്‍ ബിജെപിയിലേക്ക് വരേണ്ടവരുമാണ്. അരുവിക്കരയില്‍ എസ്എന്‍ഡിപി മനസാക്ഷി വോട്ട് ചെയ്യുമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുള്ളത്. മനസാക്ഷിയുള്ളവരുടെയെല്ലാം വോട്ട് ബിജെപിക്ക് കിട്ടുമെന്നും മുരളീധരന്‍ പറഞ്ഞു. കോടതി ചെയ്യേണ്ടകാര്യങ്ങളാണ് ബാര്‍കോഴ വിഷയത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെക്കൊണ്ട് ചെയ്യിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 27ന് മുമ്പ് കോടതിയില്‍ വരാതിരിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങളാണ് ഇതിനു പിന്നില്‍. ഇതേ അവസ്ഥ തന്നെയാണ് എളമരം കരീമിനെതിരെ ഉണ്ടായ അന്വേഷണ റിപ്പോര്‍ട്ടും. നടന്‍ സുരേഷ്‌ഗോപി പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുന്നത് എന്ന് എന്നുള്ളത് അദ്ദേഹം തന്നെ അറിയിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. മെമ്പര്‍ഷിപ്പെടുത്താലും ഇല്ലെങ്കിലും സുരേഷ്‌ഗോപി ബിജെപിക്കൊപ്പമാണ് സഹകരിക്കുന്നത്.