ജയശ്രീ നായര്‍
എഴുതുന്നു..
അരുവിക്കര ഒരു ഗോത്ര വര്‍ഗ്ഗ മേഖലയാണ്. എങ്കിലും ജാതി രാഷ്ട്രീയത്തിനതീതമല്ല. 8871 വീടുകളാണ് ഈ മണ്ഡലത്തിലുള്ളത്. പരമ്പരാഗതമായി സഹതാപം പിടിച്ചു പറ്റി കാര്യം സാധിക്കുന്നതിലുള്ള കോണ്‍ഗ്രസ് സാമര്‍ത്ഥ്യം അരുവിക്കരയിലും പരീക്ഷിക്കാന്‍, കാന്‍സര്‍ ബാധിച്ചു മരിച്ച ശ്രീ കാര്‍ത്തികേയന്റെ മകനെ തന്നെ സ്ഥാനാര്‍ഥിയാക്കി പൈതൃകം നിലനിര്‍ത്തുകയാണ്. ഇന്നുവരെ സഫലീകരിക്കാന്‍ കഴിയാത്ത സ്വപ്‌നങ്ങള്‍ അവര്‍ വീണ്ടും പുനരാവിഷ്‌കരിക്കുന്നു. അവിടെ അഴിമതിക്കും ദുര്‍ഭരണത്തിനും മേലെ സഹതാപം കൊണ്ട് വിജയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചാല്‍ അത് ജനങ്ങളുടെ വിവേകത്തെ വിലകുറച്ച് കാണുന്നത് കൊണ്ടല്ലേ എന്ന് ചോദിക്കാതെ വയ്യ.
ഇനി എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീ വിജയകുമാര്‍. അക്രമം വ്യക്തിസ്വാതന്ത്ര്യമാണെന്ന മിഥ്യാധാരണ ഇന്നും വച്ചുപുലര്‍ത്തുന്ന, കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമെന്ന് അഭിമാനിക്കുകയും ഒപ്പം എന്ത് അഴിമതിക്കും കോണ്‍ഗ്രസിന് കുടപിടിച്ചു കൊടുക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. രാജ്യം ഒരിക്കലും ഗതി പിടിച്ചുകൂട. അതിനവര്‍ ഏതു രാജ്യദ്രോഹികളെ വേണമെങ്കിലും കൂട്ടുപിടിക്കും, ഉദാഹരണത്തിന് ഒരു ചാനല്‍ വാഗ്വാദത്തില്‍ ശ്രീ തോമസ് ഐസക് തന്നെ പരസ്യമായി പറയുകയുണ്ടായി ‘അഴിമതിയൊക്കെയുണ്ട്, കാര്യം ശരിയാ.. പക്ഷെ അതിനെ എതിര്‍ക്കുന്നത്തിലും പ്രാധാന്യം ബി ജെ പിയുടെ ഉയര്‍ച്ച തടയുകയാണത്രെ…. കമ്മ്യൂണിസ്റ്റ് അനുഭാവികളില്‍ തന്നെ നല്ല ഒരു ശതമാനം ബിജെപി അനുഭാവികള്‍ ആയിക്കഴിഞ്ഞു എന്നതിന് തെളിവാണ് അറിയാതെയെങ്കിലും ശ്രീ ദിവാകരന്‍ പറഞ്ഞത് ‘ ആണ്‍ കുട്ടികളല്ലേ കേന്ദ്രം ഭരിക്കുന്നതെന്ന്.’ ഗൃഹസംപര്‍ക്കങ്ങളിലും ഫോണ്‍ പ്രചാരണങ്ങളിലും നിന്ന് നല്ലൊരു ശതമാനം കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരും ബി ജെ പി അനുകൂലികളായി എന്നാണ് മനസ്സിലാവുന്നത്. പിന്നെ കാലങ്ങളായി ” നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെയല്ലേ ” എന്ന് പറഞ്ഞു പറ്റിച്ച ഒരു വലിയ ജനതതി വയലുപോയിട്ടു വിശപ്പടക്കാന്‍ ഇനിയും പെടാപ്പാടുപെടുമ്പോള്‍ അവര്‍ക്കും മനസ്സിലായി ഇവരിനി വയലുപോയിട്ടു കൃഷി ചെയ്തു ജീവിക്കാന്‍ പോലും സമ്മതിക്കില്ല എന്ന്.
ബി ജെ പിയുടെ ശ്രീ ഒ രാജഗോപാല്‍ മറ്റു സ്ഥാനാര്‍ഥികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു, സ്വഭാവമഹിമകൊണ്ടും, ആദര്‍ശരാഷ്ട്രീയംകൊണ്ടും നിഷ്‌കാമകര്‍മ്മം കൊണ്ടും. കേരളത്തില്‍ നിന്നല്ലെങ്കില്‍ കൂടി ഒരിക്കല്‍ കേന്ദ്ര മന്ത്രിപദം വഹിക്കുകയും സ്വാതന്ത്ര്യാനന്തരം വന്ന ഏതൊരു കേന്ദ്ര മന്ത്രി ചെയ്തതിലും അധികം വികസന പദ്ധതികള്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തില്‍ എത്തിക്കുകയും ചെയ്തു എന്ന് അഭിമാനത്തോടെ പറയാന്‍ മടിക്കേണ്ടതില്ല. ഇനിയും കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിനു മറ്റൊരു തടസ്സങ്ങളുമില്ലാതെ പല കേന്ദ്ര ആനുകൂല്യങ്ങളും കേരളത്തിലേക്ക് അരുവിക്കരയുടെ ഉന്നമനത്തിനായി കൊണ്ടുവരാന്‍ കഴിയും. കേരളത്തിലേക്കുള്ള വികസനത്തിന്റെ പാതയാവും വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത അരുവിക്കര. അരുവിക്കരയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞാല്‍ മാലിന്യ സംസ്‌കരണത്തിന് യാതൊരു സംവിധാനങ്ങളുമില്ല. തദ്വാര ധാരാളം രോഗങ്ങളുടെയും ഈറ്റില്ലമാണീ പ്രദേശം. ഒരസുഖം വന്നാല്‍ പോയി ചികിത്സിക്കാന്‍ ഒരു ആശുപത്രിയില്ല. ഉള്ള ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല. എന്നാല്‍ ദൂരെ കൊണ്ടുപോകാന്‍ യാത്ര സൌകര്യങ്ങളും ഇല്ല. വളര്‍ന്നു വരുന്ന തലമുറക്ക് പഠിക്കാന്‍ അടിസ്ഥാന സൌകര്യങ്ങളുള്ള സ്‌കൂളുകളും ഇല്ല. വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത അരുവിക്കര.
ഈ വരുന്ന തെരഞ്ഞെടുപ്പു കേരള രാഷ്ട്രീയത്തിന് തന്നെ ഒരു വഴിത്തിരിവാകും. എന്തുകൊണ്ടെന്നാണെന്നല്ലേ? കേരളത്തില്‍ ഇന്നുവരെ ഇടതു വലതു ഭരണവും അഴിമതിയും ഒത്തുതീര്‍പ്പും മാത്രമേ ജനങ്ങള്‍ കണ്ടിട്ടുള്ളൂ. ഇപ്പോള്‍ ജനങ്ങള്‍ക്ക് മൂന്നാമതൊരു ചോയ്‌സ് ഉണ്ടായിരിക്കുന്നു, ഇനി അവര്‍ക്ക് ഒരനുരഞ്ജനത്തിന്റെ ആവശ്യമില്ല. വികസനത്തിന്റെ പാത സ്വീകരിക്കാം. ജാതി മതം തിരിച്ചാണെങ്കില്‍ കൂടി ഏകദേശം 41 % വരുന്ന നായര്‍ സമുദായം, ഭൂരിപക്ഷ ഈഴവ സമുദായം, ധാരാളം മുസ്ലിം , ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒക്കെ തന്നെ ബി ജെ പിയുടെ ശ്രീ രാജഗോപാലിന് ഐക്യദാര്‍ഡ്യം പറയാതെ പറഞ്ഞിട്ടുണ്ട്. പി സി തോമസ്, ധാരാളം സിനിമ, സീരിയല്‍ അഭിനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് ശ്രീ രാജഗോപാലിന് അരുവിക്കരയില്‍ നിന്ന് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇനി ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പരിപാടിയായ ഒത്തുതീര്‍പ്പു രാഷ്ട്രീയത്തില്‍ കൂടി വിജയകുമാറിനെ ബലികൊടുക്കാന്‍ തീരുമാനിച്ചാല്‍ പോലും സാധാരണ ജനങ്ങള്‍ ആത്മവിശ്വാസം അര്‍പ്പിച്ചുകഴിഞ്ഞു ബി ജെ പി യില്‍. അതെ ഇത്തവണ രാജഗോപാല്‍ തന്നെയാവും കേരളത്തില്‍ ബി ജെപി യില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തുന്ന എം എല്‍ എ, അതിനു അരുവിക്കരയാണ് സാക്ഷ്യം വഹിക്കുക…