വിജയേട്ടാാാ… നിങ്ങളെന്താ, അരുവിക്കരയിലേക്ക് വരാത്തേ.. ? ശ്രീജിത്ത് പി. ആര്‍ എഴുതുന്നു..

 

ഞാന്‍ നയിക്കുമെന്ന് പറഞ്ഞ് ഒടുവില്‍ പാര്‍ട്ടിവിരുദ്ധ മനോഭാവ സഖാവിനെ തന്നെ രംഗത്തിറക്കേണ്ടി വന്നതിന്റെ ജാള്യതകൊണ്ടാണ് അരുവിക്കരയില്‍ നായക സഖാവ് വരാത്തതെന്ന് ചില അസൂയക്കാര്‍ പറയുന്നുണ്ട്. നായക സഖാവിനോടും ജയരാജ സഹോദരന്‍മാരോടും ആ വഴിക്ക് പോവരുതെന്ന് ഏതോ കേന്ദ്രന്‍മാര്‍ നിര്‍ദ്ദേശിച്ചതായും ആരാണ്ടൊക്കെയോ മുറുമുറുക്കുന്നുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ക്ക് എന്ത് വേണേലും പറയാലോ. എന്തായാലും തെരഞ്ഞെടുപ്പ് ഒന്ന് കഴിയട്ടെ. അപ്പോള്‍ എല്ലാവര്‍ക്കും മനസിലാക്കി തരും ശരിക്ക് നായകന്‍ ആരാണെന്ന്.

sreejith

ശ്രീജിത്ത് പി. ആര്‍

എഴുതുന്നു..

നായകന്‍ യുദ്ധം മുന്നില്‍ നിന്ന് നയിക്കുമെന്നാണ് വെയ്പ്. പുരാണങ്ങളും ചരിത്രവുമൊക്കെ നമ്മളെ പഠിപ്പിച്ചതും അതു തന്നെ. അര്‍ജ്ജുനനും നെപ്പോളിയനുമൊക്കെ ധീര്‍ന്‍മാരായത് അങ്ങനെയാണ്. തെരഞ്ഞെടുപ്പും ഒരു തരത്തിലുള്ള യുദ്ധമാണെന്നാണ് നമ്മളെ ചാനലുകാരും പത്ര പുംഗവന്‍മാരും പരറയാറ്. അത്തരമൊരു യുദ്ധം നടക്കുന്നുണ്ട് ഇപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തില്‍. വേറെ എവിടെയും അല്ല അരുവിയുടെ കരയ്ക്കുള്ള നാട്ടില്‍. യുദ്ധാമാകുബോള്‍ നയിക്കാനൊരാള്‍ വേണമല്ലോ. അരുവിയുടെ കരയ്ക്കുള്ളവരെ ബോധവല്‍ക്കരിക്കാനായി ഭരണോം സ്വാധീനോം ആവശ്യത്തിന് ചീത്തേപ്പേരുമുള്ള മുഖ്യനെ തന്നെയാണ് കോണ്‍ഗ്രസ് ഏല്‍പ്പിച്ചത്. പോരാത്തതിന് ആദര്‍ശ സുധീരന്റേയും അന്തോണിച്ചായന്റേയും പിന്തുണയും ഉണ്ട്. രാജേട്ടനെ ജയിപ്പിക്കാന്‍ നാട്ടിലുള്ള ബിജെപിക്കാരൊക്കെ അരുവിക്കരയിലെത്തിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് നേതൃത്വോം കൊടുക്കുന്നുണ്ട്.

vs-no-to-aruvikkara

ഇനിയും ഉണ്ട് ഒരു ടീം. നമ്മുടെ ഇടതന്‍മാരുടെ ടീം. വലതുപക്ഷ ഇടതന്‍മാര്‍ എന്നാരൊക്കെയോ അവരെ

വിശേഷിപ്പിക്കുന്നുണ്ട്. അതെന്തെങ്കിലും ആവട്ടെ. അതല്ലല്ലോ നമ്മുടെ വിഷയം. വിഷയം ഇതാണ് ഇടതന്‍മാരുടെ പ്രചരണത്തെ നയിക്കുന്നത് ആരാണ് എന്നതാണ് വിഷയം. മഷിയിട്ടു നോക്കിയിട്ടും ആരാണ് നയിക്കുന്നതെന്ന് മനസിലാവുന്നില്ല. കണ്ണൂര്‍ ലോബിക്കാര്‍ മാത്രമല്ല താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നുണ്ട് പിണറായിക്കാരനായ സഖാവാണ് അരുവിക്കരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നതെന്ന്. പക്ഷെ യുദ്ധമുന്നണിയില്‍ പിണറായി സഖാവിന്റെ മുഖത്തിന് പകരം കാണുന്നത് പാര്‍ട്ടി വിരുദ്ധ മനോഭാവക്കാരനായ വന്ധ്യ വയോധികന്റെ മുഖമാണ്.
തെരഞ്ഞെടുപ്പിങ്ങ് പടിവാതില്‍ക്കലെത്തി. ഇതുവരെ നായകനെന്ന് പാര്‍ട്ടി വിശേഷിപ്പിക്കുന്ന പിണറായി സഖാവിനെ അരുവിക്കരക്കാര്‍ക്ക് കാണാനായിട്ടില്ല. എവിടേയും പാര്‍ട്ടി വിരുദ്ധ മനോഭാവക്കാരനായ സഖാവ് മാത്രം. ആ സഖാവിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നു. ആ സഖാവിന് എല്ലാവരും ജയ് വിളിക്കുന്നു. എന്തിനേറെ നമ്മടെ വിജയകുമാറിന്റെ പോസ്റ്ററില്‍ പോലും വിഎസ് സഖാവിന്റെ ചിത്രം. നാട്ടുകാരുടെ സംശയം വര്‍ദ്ധിക്കാന്‍ വേറെ വല്ല കാരണവും വേണോ. ആരാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. ഒന്നാം ഘട്ടം എന്നും രണ്ടാം ഘട്ടം എന്നുമൊക്കെ പറഞ്ഞ് വീണ്ടും വീണ്ടും വിഎസിനെ അരുവിക്കരയിലിറക്കുകയാണ്. എന്തേ നായകനെന്ന് പറയുന്ന സഖാവിനെ ഒരിയ്ക്കല്‍ പോലും കാണാന്‍ കഴിയാത്തത്.

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. വല്ലപ്പോഴും പാര്‍ട്ടി ക്ലാസിലൊക്കെ പങ്കെടുക്കണം. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള അനാവശ്യ സംശയങ്ങളൊക്കെ ഉണ്ടാവും. കോടിയേരി സഖാവും ജയരാജന്‍ സഖാവും ആണയിട്ട് പറഞ്ഞിട്ടും നിങ്ങള്‍ക്ക് മനസിലായില്ലേ പിണറായി സഖാവാണ് നായകന്‍ എന്ന്. തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത് മാത്രമല്ല തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്നാണ് ജയരാജന്‍ പറയുന്നത്. പിന്നെയോ. അണിയറയില്‍ കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടത്രേ. ജയരാജന്‍ സഖാവ് ഉണരും മുമ്പ് നായകന്‍ സഖാവ് ഉണരുമെത്രേ. ജയരാജന്‍ സഖാവ് ഉറങ്ങി കഴിഞ്ഞാലും നായകന്‍ സഖാവ് ഉറങ്ങില്ലത്രേ. പിന്നെയും എന്തൊക്കെയോ ചെയ്യുന്നുണ്ട് പോലും. ഇത്രയൊക്കെ പോരെ ശരിക്കും നായകനാരാണെന്ന് മനസിലാക്കാന്‍. ധാരാളം മതി.

ഞാന്‍ നയിക്കുമെന്ന് പറഞ്ഞ് ഒടുവില്‍ പാര്‍ട്ടിവിരുദ്ധ മനോഭാവ സഖാവിനെ തന്നെ രംഗത്തിറക്കേണ്ടി വന്നതിന്റെ ജാള്യതകൊണ്ടാണ് അരുവിക്കരയില്‍ നായക സഖാവ് വരാത്തതെന്ന് ചില അസൂയക്കാര്‍
പറയുന്നുണ്ട്. നായക സഖാവിനോടും ജയരാജ സഹോദരന്‍മാരോടും ആ വഴിക്ക് പോവരുതെന്ന് ഏതോ കേന്ദ്രന്‍മാര്‍ നിര്‍ദ്ദേശിച്ചതായും ആരാണ്ടൊക്കെയോ മുറുമുറുക്കുന്നുണ്ട്. പാര്‍ട്ടി ശത്രുക്കള്‍ക്ക് എന്ത് വേണേലും പറയാലോ. എന്തായാലും തെരഞ്ഞെടുപ്പ് ഒന്ന് കഴിയട്ടെ. അപ്പോള്‍ എല്ലാവര്‍ക്കും മനസിലാക്കി തരും ശരിക്ക് നായകന്‍ ആരാണെന്ന്.

© 2024 Live Kerala News. All Rights Reserved.