തിരുവനന്തപുരം: ത്രികോണ മല്‍സരപ്രതീതി ഉണര്‍ത്തി മൂന്നു സ്ഥാനാര്‍ഥികളും കളം നിറഞ്ഞതോടെ അരുവിക്കര ആവേശത്തിലേക്ക്. ഒപ്പം ഒ. രാജഗോപാലിന്റെ വരവ് ഏതു തരത്തില്‍ ബാധിക്കും എന്ന ചര്‍ച്ച മുന്നണികളില്‍ സജീവവുമായി. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കുറിച്ചുളള എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കിയത് എല്‍ഡിഎഫില്‍ വിവാദത്തിനു കാരണമായി.
വി.എസിനൊപ്പം പിണറായി വിജയനും പങ്കെടുക്കുന്നില്ല എന്നതിനാല്‍ മറിച്ചുള്ളതൊക്കെ മാധ്യമവ്യാഖ്യാനം മാത്രമാണെന്ന ഭാഷ്യമാണു നേതാക്കളുടേത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ശകാരം വി.എസ്. ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലമാണു വ്യാഖ്യാനങ്ങള്‍ക്കു കാരണമായിരിക്കുന്നതും. തലസ്ഥാന ജില്ലയില്‍ നടക്കുന്ന നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിനു തലസ്ഥാനത്തു തന്നെയുള്ള പ്രതിപക്ഷ നേതാവിനെ പരിഗണിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ ഉദ്ഘാടകനാക്കിയതില്‍ മറ്റ് അടിയൊഴുക്കുകളൊന്നുമില്ല എന്നു സധൈര്യം പറയാവുന്ന സ്ഥിതിയും സിപിഎമ്മില്‍ ഇല്ല. തന്നെ മാറ്റിനിര്‍ത്തിയതില്‍ വി.എസിന് അതൃപ്തിയുണ്ട് എന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ആറ്, ഏഴ് തീയതികളില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷമേ അദ്ദേഹം സജീവമായി രംഗത്തുണ്ടാകാനും ഇടയുള്ളു. അതും സംഘടനാപ്രശ്‌നങ്ങളില്‍ കേന്ദ്ര കമ്മിറ്റി കൈക്കൊള്ളുന്ന തീരുമാനങ്ങളെക്കൂടി ആശ്രയിച്ചിരിക്കും. തലസ്ഥാനത്ത് ഒരിക്കല്‍ വി.എസിന്റെ വിശ്വസ്തനായിരുന്ന എം. വിജയകുമാറിന് അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യവുമാണ്. ‘വി.എസ്. പ്രചാരണത്തിന് ഇറങ്ങില്ല എന്നത് അബദ്ധ ധാരണയാണ്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗമാണ് അരുവിക്കരയിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചത്.
സ്ഥാനാര്‍ഥിത്വം നിശ്ചയിച്ചശേഷം ഞാന്‍ അദ്ദേഹത്തെ പലതവണ കണ്ടിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ പിന്തുണ എല്‍ഡിഎഫിനുണ്ടാകും’–എം. വിജയകുമാര്‍ പ്രതികരിച്ചു. കവയിത്രി സുഗതകുമാരിയും ബിജെപിയുടെ മുന്‍ സംസ്ഥാന ഉപാധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കെ. അയ്യപ്പന്‍പിള്ളയും അടക്കമുള്ളവരെ സന്ദര്‍ശിക്കാനും വിജയകുമാര്‍ സമയം കണ്ടെത്തി.
മണ്ഡലം കണ്‍വെണ്‍ഷനും കൂടി നടന്നതോടെ ബിജെപി പ്രചരണ രംഗത്ത് ശക്തിയാര്‍ജ്ജിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ പതിനയ്യായിരത്തോളം വോട്ടുകളാണ് ബിജെപി നേടിയത്. എന്നാല്‍ ഇക്കുറി ഇരുത്തി അയ്യാരത്തിന് മുകളില്‍ അംഗങ്ങളെ മണ്ഡലത്തില്‍ ബിജെപിക്ക ഉമ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. രാജഗോപാല്‍ ഏതു സീറ്റില്‍ മല്‍സരിക്കുമ്പോഴും മറ്റു ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നതിലും പതിന്മടങ്ങ് വോട്ടുകള്‍ കരസ്ഥമാക്കിവരുന്നതാണു രീതി. മാത്രമല്ല ഒ രാജഗോപാലിനുള്‌ല ജനകീയ മുഖവും നെയ്യാറ്റിന്‍കരയിലെ നിക്ഷ്പക്ഷ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
യുഡിഎഫിന്റെ മണ്ഡലം കണ്‍വന്‍ഷന്‍ ആര്യനാട്ട് ആറാം തീയതി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും അടക്കമുള്ള കോണ്‍ഗ്രസ്, ഘടകകക്ഷി നേതാക്കളെല്ലാം പങ്കെടുക്കും. അഞ്ച് കോണ്‍ഗ്രസ് മണ്ഡലങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ യോഗങ്ങള്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ബാക്കി നാലിടത്തെ യോഗം ഇന്നു നടത്തും.
എല്ലാ തലമുറകളിലുംപെട്ട നേതാക്കളെയും പ്രവര്‍ത്തകരെയും നേരില്‍ക്കണ്ടു പിന്തുണ തേടാനുള്ള കെ.എസ്. ശബരീനാഥന്റെ ശ്രമങ്ങളും ഫലം ചെയ്യുന്നു.
പി.സി. ജോര്‍ജ്, വിഎസ്ഡിപി സ്ഥാനാര്‍ഥി നേടാനിടയുള്ള വോട്ടുകളെ സംബന്ധിച്ചും കൂട്ടലും കിഴിക്കലും ആരംഭിച്ചിട്ടുണ്ട്.