ട്വന്റി -20 ലോകകപ്പില്‍ ഇന്ത്യയെ ന്യൂസിലാന്റ് തകര്‍ത്തു; ഇന്ത്യയ്ക്ക് അനിവാര്യമായ പരാജയം

നാഗ്പുര്‍: ട്വന്റി -20 ലോകകപ്പിലെ ന്യൂസിലാന്റിനോടുള്ള ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ബാറ്റുചെയ്ത ന്യൂസിലാന്റ് ഏഴു വിക്കറ്റിന് 126 റണ്‍സെടുത്തു. 18.1 പന്തില്‍ 79 ന് ടീം ഇന്ത്യ ഓള്‍ ഔട്ട്്. ആദ്യ കളിയില്‍ ന്യൂസിലാന്റിന് 47 റണ്‍സിന്റെ ഉജ്വല വിജയമായിരുന്നു. ആദ്യപന്തില്‍ സിക്‌സര്‍ പറത്തിയ ഗുപ്റ്റിലിനെ രണ്ടാം പന്തില്‍ മടക്കിയയച്ചു കൊണ്ടാണ് ടീം ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍ കളിതുടങ്ങിയതെങ്കിലും അനിവാര്യമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക്.

സിക്‌സടിച്ച് തുടങ്ങിയ മൗറോയെ രണ്ടാം ഓവറില്‍ നെഹ്‌റ പവലിയനിലേക്ക് മടക്കിയത് ന്യൂസിലാന്റിനുമേല്‍ ആധിപത്യം നേടാന്‍ ടീം ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും ക്ഷമയോടെ കളി തിരിച്ചു പിടിച്ചത് ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരാണ്. ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്റ് ഏഴു വിക്കറ്റിന് 126 റണ്‍സെടുത്തു. 42 പന്തില്‍ 34 റണ്‍സെടുത്ത ആന്റേഴ്‌സണാണ് ടോപ്സ്സ്‌കോര്‍. റോന്‍ചി 11 പന്തില്‍ 21 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി അശ്വിന്‍, നെഹ്‌റ, ബുംറ, റെയ്‌ന, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതം വീഴത്തി. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യയുടെത് ബാറ്റ്‌സ്മാന്‍മാരുടെ പവലിയന്‍ യാത്രയായിരുന്നു. ഒരു റണെടുത്ത ശിഖര്‍ ധവാനാണ് പവലിയന്‍ യാത്രയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തുടങ്ങിയത് 18.1 ഓവറില്‍ നെഹ്‌റയിലൂടെ പൂര്‍ത്തിയായി.

ഇതിനിടയില്‍ ബുംറ, നെഹ്‌റ, രവീന്ദ്ര ജഡേജ എന്നിവര്‍ റണൊന്നുമെടുക്കാതെയും പാണ്ഡ്യ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ എന്നിവര്‍ ഓരോ റണ്ണുമായും കൂടാരം കേറി. 4 റണുമായി യുവരാജ് സിംഗും 5 റണ്ണുമായി രോഹിത്ത് ശര്‍മ്മയും ഒപ്പം കൂടി. ധോണിയും (30 പന്തില്‍ 30 റണ്‍സ്, 1 ഫോര്‍, 1 സിക്‌സ്) , കോഹ്ലിയും (27 പന്തില്‍ 23 റണ്‍സ്, 2 ഫോര്‍) പ്രതിരോധങ്ങള്‍ തീര്‍ത്തെങ്കിലും ന്യൂസിലാന്റ് ബൗളിങ്ങിനു മുന്നില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.