ബലാത്സംഗത്തിനു ശേഷം യുവാവ് തീകൊളുത്തിയ പതിനഞ്ചുവയസ്സുകാരി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ യുവാവ് ബലാത്സംഗത്തിനു ശേഷം തീകൊളുത്തിയ പതിനഞ്ചുവയസ്സുകാരി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി പുലര്‍ച്ചെ മരിച്ചത്. നോയിഡയിലെ തിഗ്രി ഗ്രാമത്തില്‍ ഗൗതം ബുദ്ധ നഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30നാണ് അക്രമം നടന്നത്. വീട്ടില്‍ പെണ്‍കുട്ടി ഒരുമുറിയിലും മാതാപിതാക്കള്‍ മറ്റൊരു മുറിയിലും ഉറക്കത്തിലായിരുന്നു. ബലം പ്രയോഗിച്ച് അകത്തുകയറിയ സമീപവാസിയായ ഇരുപതുകാരന്‍ പെണ്‍കുട്ടിയെ ഉണര്‍ത്തി വീടിന്റെ ടെറസിലേക്ക് വിളിച്ചുകൊണ്ടു പോയി. അവിടെ വച്ച് ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ മാനഭംഗം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

© 2024 Live Kerala News. All Rights Reserved.