കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം

തൃശൂര്‍: കുന്നംകുളത്തിനടുത്ത്കേച്ചേരിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരി ആനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍കുഴിയില്‍ വീട്ടില്‍ ജോണി ജോസഫ് (48), ഭാര്യ റോമ (35), മക്കളായ ആഷ്‌ലി( 11), ആന്‍സണ്‍ (9), അനുമരിയ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.കേച്ചേരി സെന്ററിലെ സ്റ്റേഷനറി വ്യാപാരിയാണ് ജോണി. വെള്ളിയാഴ്ച കട തുറന്നിരുന്നില്ല. വിവരങ്ങള്‍ അന്വേഷിച്ച് വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെ വീടെത്തിയ സുഹൃത്താണ് സംഭവം അറിഞ്ഞത്. വാതിലില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെ വിളിച്ചു വരുത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കഴുത്തറത്ത നിലയില്‍ കണ്ടത്. ഒരു വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് മുഴുവഞ്ചേരിയില്‍ വന്ന് താമസിക്കുകയാണ് ജോണിയും കുടുംബവും. ജോണിക്ക് ചെറിയ തോതില്‍ പണം പലിശക്ക് നല്‍കുന്ന പതിവുണ്ടായിരുന്നു. കട ബാധ്യതയാണോ സംഭവത്തിന് പിന്നിലെന്ന് വ്യക്തതയില്ലെന്ന് പൊലിസ് പറഞ്ഞു. കുന്നംകുളം സി ഐ രാജേഷ് കെ മേനോന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

© 2024 Live Kerala News. All Rights Reserved.