രണ്ടര വയസ്സുകാരിയെ തലയ്ക്കടിച്ചുകൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂത്ത മകള്‍ക്കും തലയ്ക്ക് അടിയേറ്റു

കോട്ടയം: പെരുവന്താനത്ത് രണ്ടര വയസ്സുകാരിയെ തലയ്ക്കടിച്ചുകൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുണ്ടക്കയത്താണ് സംഭവം. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് ഇളയ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടര വയസ്സുകാരി അനിറ്റയാണ് കൊല്ലപ്പെട്ടത്. മൂത്ത മകള്‍ അനുമോളെയും തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ തലയ്ക്ക് അടിച്ച ശേഷം ജെസി വിഷം കഴിക്കുകയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ജെസിയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചേ നാലു മണിയോടെയായിരുന്നു സംഭവങ്ങള്‍ എന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ് രണ്ടര വയസ്സുകാരി അനിറ്റ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. കുട്ടിയെ ക്രൂരമായി കൊല്ലാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. അമ്മ ജെസിക്ക് മാനസിക രോഗമുണ്ടെന്ന് സംശയമുണ്ട്.