ബെംഗളൂരു; അവനും അവളും പത്തൊന്‍പതു ദിവസത്തെ ഫെയ്‌സ്ബുക്കിലൂടെ പരിചയം മാത്രം. ഒടുവില്‍ കാമുകന്‍ അവളുടെ അന്തകനായി. ഈ പരിചയം അവള്‍ക്കു നഷ്ടമാക്കിയത് സ്വന്തം ജീവിതം തന്നെ. ബെംഗളൂരു ഐബിഎമ്മിലെ ജീവനക്കാരിയായിരുന്ന കുസുമ റാണിയെയാണ് ലാപ്‌ടോപ്പിന്റെ കോഡ് കഴുത്തില്‍ കുരുക്കിയും പേന കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യാഹൂവില്‍ എന്‍ജിനിയറായിരുന്ന സുഖ്ബീര്‍ സിങ്ങിനെ പൊലീസ് കസ്റ്റിയിലെടുത്തു.
കഴിഞ്ഞ ഡിസംബര്‍ 31 നാണ് കുസുമ റാണിയും സുഖ്ബീര്‍ സിങ്ങും തമ്മില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. ചാറ്റിങ്ങിലൂടെ ഇരുവരും അടുപ്പത്തിലാകുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഫോണിലൂടെ നിരന്തരം ബന്ധം പുലര്‍ത്തിവരികയുമായിരുന്നു. തുടര്‍ന്ന് 19ന് ബെംഗളൂരുവിലെത്തിയ സുഖ്ബീര്‍, കുസുമയോട് 50,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ നേരത്തെ തന്നെ അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടിട്ടുള്ള കുസുമ പണം നല്‍കാന്‍ തയാറായില്ല. വിമാനടിക്കറ്റിന്റെ പണമെങ്കിലും നല്‍കണമെന്ന് സുഖ്ബീര്‍ ആവശ്യപ്പെട്ടുവെങ്കിലും കുസുമ ഇതും സാധിക്കില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇയാള്‍ കുസുമയെ ആക്രമിച്ചത്. ഫ്‌ലാറ്റിലെത്തി അവളെ കൊലപ്പെടുത്തിയതിനുശേഷം കുസുമയുടെ ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണുമടക്കമുള്ളവയുമായാണ് സുഖ്ബീര്‍ രക്ഷപെട്ടത്. ഇതുപയോഗിച്ച് ബെംഗളൂരുവില്‍നിന്ന് 10,000 രൂപയും ഡല്‍ഹിയില്‍നിന്ന് 30,000 രൂപയും ഇയാള്‍ പിന്‍വലിച്ചിരുന്നു. പൊലീസ് സുഖ്ബീര്‍ സിങ്ങിനെ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍നിന്ന് പിടികൂടി.