ഐ എസ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത നാല് മലയാളികളെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ് ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളെയാണ് തിരുവനന്തപുരത്ത് ചോദ്യം ചെയ്തത്. കോഴിക്കോട് സ്വദേശി റിയാസ് അലി(40), മലപ്പുറം സ്വദേശി സലിം(28) എന്നിവരെയാണ് കരിപ്പൂരില്‍ പിടികൂടി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നാലുപേരുടേയും ഐ.എസ്. ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം കൊടുവായൂര്‍ സ്വദേശി അനസ്(22), പുനലൂര്‍ പാറത്തോട്ടം സ്വദേശി ആരോമല്‍ സദാനന്ദന്‍ (24) എന്നിവരാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലായത്. ഇവരെ ഐ.എസ്. ബന്ധം സംശയിച്ച് വിസ റദ്ദാക്കി അബുദാബിയില്‍നിന്ന് തിരിച്ചയക്കുകയായിരുന്നു. ഇരുവരും സുഹൃത്തുക്കളും ഗള്‍ഫില്‍ പഠിച്ചവരുമാണ്. അനസിന്റെ കുടുംബം പതിറ്റാണ്ടുകളായി ഗള്‍ഫില്‍ സ്ഥിരതാമസമാണ്. നവമാധ്യമങ്ങള്‍വഴി ഐ.എസ്. അനുകൂല സന്ദേശങ്ങള്‍ ഇവര്‍ കൈമാറിയതായാണ് സംശയിക്കുന്നത്. ഇതിന്റെ പേരില്‍ യു.എ.ഇ.യില്‍ കസ്റ്റഡിയിലെടുത്ത അനസ് ഒരുമാസം തടവിലായിരുന്നതായാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. സമാന സാഹചര്യങ്ങളില്‍ അബുദാബിയില്‍നിന്ന് തിരിച്ചയച്ചവരെയാണ് കരിപ്പൂരില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരും മടങ്ങിയെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി ഇവര്‍ ധനസമാഹരണം നടത്തിയെന്നും സംശയിക്കുന്നുണ്ട്

ദേശീയ അന്വേഷണ ഏജന്‍സി, റോ, മിലിട്ടറി ഇന്റലിജന്‍സ്, സംസ്ഥാന ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങളാണ് നാലുപേരേയും ചോദ്യം ചെയ്തത്. ഇവരെ മടക്കി അയക്കുന്ന വിവരം അബുദാബി അധികൃതര്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ കാത്തുനില്‍ക്കുകയായിരുന്നു.

ഐ.എസില്‍ ചേരാന്‍ ഗള്‍ഫില്‍നിന്ന് പാലക്കാട് സ്വദേശി സിറിയയിലേക്ക് കടന്നകാര്യം അടുത്തിടെയാണ് സംസ്ഥാന ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചത്. വിസ റദ്ദാക്കി അബുദാബിയില്‍നിന്ന് തിരിച്ചയച്ച മലപ്പുറം സ്വദേശി ജാബിറിനെ കഴിഞ്ഞമാസം വിമാനത്താവളങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ ഐ.എസ്. ബന്ധം തെളിയിക്കാനായില്ല. ഐ.എസ്. സംശയിച്ച് ഗള്‍ഫില്‍നിന്നും നാടുകടത്തിയ യുവതി കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ അറസ്റ്റിലായിരുന്നു. സിറിയയിലേക്കും ഇറാഖിലേക്കും യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന അഫ്ഷാന്‍ ജബീര്‍(32) ആണ് ഹൈദരാബാദില്‍ അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 മലയാളികള്‍ ഗള്‍ഫ് ജയിലുകളിലുണ്ടെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.