പാരീസ് ഭീകരാക്രമണം നടത്തിയ ഭീകരന്‍ തങ്ങളുടെ ‘ഗ്രൂപ്പ് ലീഡര്‍’; മലയാളി ഐഎസ് ഭീകരന്‍ സുബഹാനിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ലോകത്തെ ഞെട്ടിച്ച് കഴിഞ്ഞവര്‍ഷം പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയവരെ അറിയാമെന്ന് മലയാളി ഐഎസ് ഭീകരന്‍ സുബഹാനി ഹാജ മൊയ്തീന്‍.ആക്രമണം നടത്തിയ പ്രതികളില്‍ ഒരാള്‍ തങ്ങളുടെ ‘ഗ്രൂപ്പ് ലീഡര്‍’ ആയിരുന്നെന്ന് ഐഎസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായ സുബഹാനി പറഞ്ഞത്. ഈ മാസം ആദ്യം എന്‍ഐഎ പിടിയിലായ ഇയാള്‍ പാരീസ് ആക്രമണത്തിലെ പ്രതികളായ ബല്‍ജിയം കാരന്‍ അബ്ദുള്‍ ഹമീദ് അബൗദിനെയും സഹായികളായി പ്രവര്‍ത്തിച്ച സലാ അബ്ദ്‌സലാളം, ഒമര്‍ ഇസ്മായില്‍ മൊസ്‌തേഫി എന്നിവരുടെ പേരുകള്‍ പറയുകയും ചെയ്തതായിട്ടാണ് വിവരം.ഇന്ത്യയില്‍ നിന്നും ഐഎസില്‍ എത്തിയവരില്‍ എന്‍ഐഎ പിടികൂടിയ വലിയ തലവനാണ് മൊയ്തീന്‍.പാരീസ് ആക്രമണത്തിന് പിന്നാലെ അബ്ദ്‌സഌമിനെ ഫ്രഞ്ച് പോലീസ് ബല്‍ജിയത്തിലെ മൊളേന്‍ബീക്കില്‍ വെച്ച് ഫ്രഞ്ച് അധികൃതര്‍ പിടികൂടിയിരുന്നു. അതേസമയം അബൗദും അബ്ദ്‌സഌമും ഗ്രൂപ്പ് ലീഡര്‍മാരായിരുന്നു എന്ന വിവരം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം ആദ്യം തയ്യാറായില്ല. തുടര്‍ന്ന് നീണ്ട മറ്റൊരു ചോദ്യം ചെയ്യലിന് സുബഹാനിയെ വിധേയമാക്കുകയും കുടുതല്‍ വിവരങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. വിവരങ്ങള്‍ ഇന്ത്യയിലെ എംബസി വഴി ഫ്രഞ്ച് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മൊയ്തീനെ ഫ്രഞ്ച് അന്വേഷണ സംഘവും ചോദ്യം ചെയ്‌തേക്കുമെന്ന് വിവരമുണ്ട്.

2015 ഏപ്രില്‍ 8 നായിരുന്നു ഇയാള്‍ ചെന്നൈയില്‍ നിന്നും ഇസ്താംബൂളിലേക്ക് സുബഹാനി  പോയത്. അവിടെ നിന്നും സിറിയയിലേക്ക് പോയ ഇയാള്‍ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്ന വിദേശികളുടെ ബാച്ചിനൊപ്പമായിരുന്നു എത്തിയത്. തുര്‍ക്കിയില്‍ നിന്നും ഇറാഖിലേക്ക് പോകുന്നതിനിടയിലാണ് പരിശീലനം കിട്ടിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെവെച്ച് മതപാഠങ്ങള്‍ക്കൊപ്പം എകെ47, ഗ്രനേഡ് ലോഞ്ചര്‍, ബോംബ് നിര്‍മ്മാണം, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍ എന്നിവയില്‍ പരിശീലനം നേടി.

© 2024 Live Kerala News. All Rights Reserved.