യുഎസ് സൈന്യത്തിനുനേരെ ഐഎസിന്റെ രാസായുധ പ്രയോഗം; മസ്റ്റാര്‍ഡ് ഏജന്റ് നിറച്ച റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചത്

ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈന്യത്തിനുനേരെ ഐഎസ് ഭീകരര്‍ രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്. മൊസൂളിനടുത്തുള്ള ഖയാറാ വ്യോമ താവളത്തിനു നേരെയാണ് രാസായുധ പ്രയോഗം നടന്നതെന്ന് സംശയം.മസ്റ്റാര്‍ഡ് ഏജന്റ് നിറച്ച റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചത്.പ്രാഥമിക പരിശോധനയില്‍ വാതകം സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യുഎസ് സൈന്യം അറിയിച്ചു.ഉച്ചകഴിഞ്ഞുണ്ടായ ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. പ്രാഥമിക പരിശോധനയില്‍ മസ്റ്റാര്‍ഡ് വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രാസായുധ പ്രയോഗം സ്ഥിരീകരിച്ചാല്‍ സഖ്യകക്ഷികള്‍ക്കുനേരെ ഇറാഖിലുണ്ടാകുന്ന ഇത്തരത്തിലുള്ള ആദ്യ ആക്രമണമായിരിക്കുമിത്. അതേസമയം, രാസായുധ പ്രയോഗത്തെ നേരിടാന്‍ പരിശീലനം ലഭിച്ചവരാണു വ്യോമ താവളത്തിലുണ്ടായിരുന്ന സേനയെന്നു പെന്റഗണ്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ആക്രമണം ഇറാഖിലെ തങ്ങളുടെ ദൗത്യത്തെ ബാധിച്ചിട്ടില്ലെന്നും ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ പരിശീലിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇറാഖിലെ കുര്‍ദുകള്‍ക്കുനേരെ ഐഎസ് രാസായുധം പ്രയോഗിച്ചതിന്റെ 20 സംഭവങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ മിക്കതിലും മസ്റ്റാര്‍ഡ് വാതകമാണ് ഉപയോഗിക്കുന്നത്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഐഎസിന്റെ കൈവശമായിരുന്നു. അമേരിക്കന്‍ സേനയുടെ സഹായത്തോടെ ഇറാഖ് അതു തിരികെപ്പിടിച്ചതില്‍പ്പിന്നെ നിരവധി ആക്രമണങ്ങളാണ് നഗരത്തില്‍ ഉണ്ടായത്.

© 2024 Live Kerala News. All Rights Reserved.