അവയവദാനത്തില്‍ ഇനി സിപിഐ(എം) മാതൃക… പുത്തന്‍ ചുവടുമായി എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്‌

കൊച്ചി : അവയവദാന രംഗത്തും സിപിഐ എം എറണാകുളം ജില്ലാ നേതൃത്വം മാതൃകയായി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ ഒപ്പിട്ടുനല്‍കിയ അവയവദാന സമ്മതപത്രം ലെനിന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് കൈമാറി. മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഈ സമ്മതപത്രം ജില്ലാ സെക്രട്ടറി പി രാജീവിന്റെ മുറിയില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കും.

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍ അവയവദാന സമ്മതപത്രം നല്‍കിയത് സമൂഹത്തിന് നല്ല സന്ദേശം കൈമാറുമെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഇത് സിപിഐ എം നേതൃത്വത്തിന്റെ സാമൂഹ്യപ്രതിബദ്ധതയാണ് തെളിയിക്കുന്നത്. പല കാരണങ്ങളാല്‍ പെട്ടെന്ന് മരിക്കുന്നവരുടെ അവയവങ്ങള്‍കൊണ്ട് മറ്റുള്ളവര്‍ക്ക് ജീവന്‍ നിലനിര്‍ത്താനാകുമെങ്കില്‍ അത് പുണ്യംതന്നെയാണ്. അവയവദാനം തന്റെ ആഗ്രഹമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞാല്‍ മാത്രമെ പ്രാര്‍ത്തികമാക്കാന്‍ കഴിയൂ എന്നും ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

ജോസ് ചാക്കോ പെരിയപ്പുറത്തെ പി രാജീവ് ഷാള്‍ അണിയിച്ച് ആദരിച്ചു.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ജെ ജേക്കബ്, പി എം ഇസ്മയില്‍, സി കെ മണിശങ്കര്‍, പി ആര്‍ മുരളീധരന്‍, എം സി സുരേന്ദ്രന്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എറണാകുളം ഏരിയ സെക്രട്ടറി പി എന്‍ സീനുലാല്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം ആര്‍ സുരേന്ദ്രന്‍, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ രവികുട്ടന്‍, ലിസി ആശുപത്രി പിആര്‍ഒ രാജേഷ്, ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Courtesy:www.deshabhimani.com