ഐഎസ് ബന്ധം; ഉത്തര്‍പ്രദേശിലെ ആറു ജില്ലകളില്‍ പഠിക്കുന്ന ഗള്‍ഫ് വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍

 

മീററ്റ്: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മീററ്റ് ഡിവിഷനില്‍പ്പെട്ട ആറു ജില്ലകളില്‍ പഠിക്കുന്ന ഗള്‍ഫ് വിദ്യാര്‍ഥികളെ നിരീക്ഷണ വിധേയരാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മീററ്റ് ഡിവിഷണല്‍ കമാന്‍ഡര്‍ അലോക് സിന്‍ഹ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും സീനിയര്‍ പൊലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദേശം നല്‍കിയതായി ഒരു പ്രമുഖ ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

നോയിഡ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിലുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് നിരീക്ഷണ വിധേയരാക്കുക. ഇവര്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുമായി ബന്ധം പുലര്‍ത്തുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് അലോക് സിന്‍ഹ അറിയിച്ചു. ഇവര്‍ വഴി ചില ഇന്ത്യന്‍ വിദ്യാര്‍ഥികളും ഐഎസുമായി ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയിലെ ‘പുതുപ്പണക്കാരെ’ നിരീക്ഷിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയ്ക്കുപരി ചെലവഴിക്കുന്നവരെയാണ് പ്രത്യേകം നിരീക്ഷിക്കുക.

ഇന്റര്‍നെറ്റിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വിദ്യാസമ്പന്നരായ യുവാക്കളെ ഐഎസിന്റെ നേതൃത്വത്തില്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. മതപരമായ സാഹചര്യങ്ങളെ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ യുവാക്കള്‍ വളരെ പെട്ടെന്നുതന്നെ ഇവര്‍ക്ക് വശംവദരാകുന്ന സ്ഥിതിവിശേഷമുണ്ട് മീററ്റ്, ബുലന്ദശ്വര്‍, ബാഗ്പട്ട്, ഗൗതം ബുദ്ധ നഗര്‍, ഹാപൂര്‍, ഗാസിയാബാദ് എന്നിവിടങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പൊലീസ് സൂപ്രണ്ടുമാര്‍ക്കും അയച്ച കത്തില്‍ അലോക് സിന്‍ഹ വ്യക്തമാക്കി. ഇവിടങ്ങളിലെ സൈബര്‍ കഫേകളും ഇവ സ്ഥിരമായി സന്ദര്‍ശിക്കുന്നവരെയും നിരീക്ഷിക്കാനും നിര്‍േദശം നല്‍കിയിട്ടുണ്ട്.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെും വിവിധ സംസ്ഥാന സര്‍ക്കാരുകളെയും അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐഎസിന്റെ ആശയസംഹിതകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട ചില വെബ്‌സൈറ്റുകളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.