യുപിയില്‍ കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് ധാരണ; കോണ്‍ഗ്രസ് 105 സീറ്റിലും സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും;അഖിലേഷ് യാദവിന്റെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങില്‍ മുലായം ഇല്ല

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. അന്തിമ ധാരണയനുസരിച്ച് കോണ്‍ഗ്രസ് 105 സീറ്റിലും സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും.ഇതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പ്രകടനപത്രിക പുറത്തിറക്കി. ചടങ്ങില്‍ മൂലായം സിംഗം യാദവ് പങ്കെടുത്തില്ല.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെട്ടതോടെയാണ് സഖ്യചര്‍ച്ചകള്‍ക്ക് അന്തിമരൂപമായത്. 110 സീറ്റ് വേണമെന്ന നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് അയഞ്ഞപ്പോള്‍ 99 ല്‍ കൂടുതല്‍ നല്‍കില്ല എന്ന നിലപാട് മാറ്റാന്‍ എസ്.പി നേതൃത്വവും തയാറായതോടെയാണ് സഖ്യം യാഥാര്‍ഥ്യമായത്. നേരത്തെ, സമാജ്‌വാദി പാര്‍ട്ടി നേതൃത്വവുമായ മികച്ച ബന്ധമുള്ള പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെട്ടിട്ടും സീറ്റുവിഭജനം കീറാമുട്ടിയായി തുടരുന്നതിനിടെയാണ് സോണിയയും ചര്‍ച്ചകളുടെ ഭാഗമായത്. ഇതുവരെ രാഹുല്‍-പ്രിയങ്ക ദ്വയത്തിന് വഴിമാറിക്കൊടുത്ത് അണിയറയിലായിരുന്നു സോണിയയുടെ പ്രവര്‍ത്തനം. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിനം അടുത്തതോടെയാണ് അന്തിമ ചര്‍ച്ചകള്‍ക്കായി പ്രമുഖ നേതാക്കള്‍ ഇടപെട്ടത്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും യുപിസിസി പ്രസിഡന്റ് രാജ് ബബ്ബറും പ്രശ്‌നപരിഹാരത്തിനു രംഗത്തുണ്ടായിരുന്നു.പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അമേഠി, റായ് ബറേലി മണ്ഡലങ്ങളിലേതടക്കം കോണ്‍ഗ്രസിന്റെ ഒന്‍പതു സിറ്റിങ് സീറ്റുകളില്‍ സമാജ്‌വാദി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണു സഖ്യത്തിന്റെ ഭാവി തുലാസിലായത്. കഴിഞ്ഞ തവണ 28 സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 54 സീറ്റുകളില്‍ രണ്ടാമതെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി സജീവപ്രചാരണത്തിനെത്തുന്നതോടെ സഖ്യത്തിനുണ്ടാകാവുന്ന മേല്‍ക്കൈ കൂടി കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ വിലപേശല്‍. കോണ്‍ഗ്രസും സമാജ്‌വാദിയും ചേരുന്നതു വിജയ ഫോര്‍മുലയാകുമെന്ന് ഇരു കൂട്ടരും നേരത്തെ അവകാശപ്പെട്ടിരുന്നു.403 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് ഫെബ്രുവരി 11 നാണ് തുടങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.