ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഇന്നറിയാം; ബിജെപി നിയമസഭ കക്ഷി യോഗം ഇന്ന്;മനോജ് സിന്‍ഹ, രാജ്‌നാഥ് സിങ്, കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേര് നിര്‍ദേശിക്കുമെന്നാണ് സൂചന;സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ഇന്നറിയാം. ബിജെപിയുടെ നിയമസഭ കക്ഷി യോഗത്തിനുശേഷം നേതാവിനെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിനാണ് എം.എല്‍.എമാരുടെ യോഗം. ഞായറാഴ്ച പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മൗര്യ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകീട്ട് അഞ്ചിന് പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുമെന്ന് ഗവര്‍ണര്‍ രാം നായിക്കും അറിയിച്ചു.യു.പിയില്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേരാണ് മുഖ്യമായും പരിഗണനയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ എന്നിവരുടെ പേരുകള്‍ ഉയരുന്നുണ്ട്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൗര്യ, മനോജ് സിന്‍ഹയുടെ പേര് നിര്‍ദേശിക്കുമെന്നാണ് സൂചന. ഗാസിപൂരില്‍നിന്നുള്ള ലോക്‌സഭാംഗമായ സിന്‍ഹ കേന്ദ്ര ടെലികോം സഹമന്ത്രിയാണ്. പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറും ‘ക്ലീന്‍’ പ്രതിച്ഛായയുമാണ് സവര്‍ണ ഭൂമിഹാര്‍ സമുദായാംഗമായ സിന്‍ഹയുടെ സാധ്യതയേറ്റുന്നത്.ഉത്തരാഖണ്ഡില്‍ മുന്‍മന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ശനിയാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര നേതാക്കളുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് റാവത്തിന് നറുക്ക് വീണത്. മോദിയുടെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും അടുപ്പക്കാരനായ ത്രിവേന്ദ്ര ആര്‍.എസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.

© 2024 Live Kerala News. All Rights Reserved.