വീണ്ടും രാജി; യു.പിയില്‍ ഒരു എം.എല്‍.എ കൂടി ബി.ജെ.പി വിട്ടു; ഇതോടെ പാര്‍ട്ടി വിട്ട നേതാക്കളുടെ എണ്ണം ഏഴായി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും രാജി.ഒരു എംഎല്‍എ കൂടി പാര്‍ട്ടിവിട്ടു. മുകേഷ് വര്‍മ എം.എല്‍.എയാണ് രാജിവെച്ചത്.ഇതോടെ യോഗി ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ച് പടിയിറങ്ങിയവരുടെ എണ്ണം ഏഴായി.രണ്ട് പ്രമുഖ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.ദലിത്,പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോടും കര്‍ഷകരോടുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു.പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള നേതാവും വനം, പരിസ്ഥിതി മന്ത്രിയുമായ ദാരാ സിങ് ചൗഹാന്‍ ബുധനാഴ്ച രാജിവച്ചിരുന്നു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം സ്വാമി പ്രസാദ് മൗര്യയും അനുയായികളായ ബ്രിജേഷ് കുമാര്‍ പ്രജാപതി, ഭഗവതി സാഗര്‍, വിനയ് ശാഖ്യ എന്നീ എംഎല്‍എമാരും ചൊവ്വാഴ്ച ബിജെപിയില്‍നിന്നു രാജിവച്ചിരുന്നു.തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വര്‍മയും നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. മൗര്യയും അനുയായികളും എസ്പിയില്‍ ചേരുമെന്നാണു കരുതുന്നതെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ദാരാ സിങ്ങും സമാജ്വാദി പാര്‍ട്ടിയില്‍(എസ്പി) ചേരുമെന്നാണു കരുതുന്നത്.ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

© 2024 Live Kerala News. All Rights Reserved.