കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ അനധികൃത നിര്‍മ്മിതികള്‍ കാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി

ശ്രീനഗര്‍: കൊടുംഭീകരനായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീടിനോട് ചേര്‍ന്ന നിര്‍മ്മിതികള്‍ ജമ്മുകാശ്മീര്‍ ഭരണകൂടം ഇടിച്ചുനിരത്തി. പഹല്‍ഗാമിലെ ലെവാര്‍ ഗ്രാമത്തിലെ വീടിന്റെ മതിലും ചില ഭാഗങ്ങളുമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. അമീര്‍ ഖാന്‍ എന്ന ഗുലാം നബി ഖാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത മുന്‍നിര കമാന്‍ഡറാണ്. 90 കളുടെ തുടക്കത്തില്‍ ഇയാള്‍ പാക് അധീന കാശ്മീരിലേക്ക് (POK) കടക്കുകയായിരുന്നു.

മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെ ജോയിന്റ് ഓപ്പറേഷന്‍ ടീം ആണ് തകര്‍ക്കലിന് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ ഭൂമി കയ്യേറി ഉണ്ടാക്കിയ നിര്‍മ്മിതികളാണ് തകര്‍ത്തതെന്നാണ് അധികൃതര്‍ പറയുന്നത്. താഴ്വരയെ ഭീകര വിമുക്തമാക്കാനും സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം വളര്‍ത്താനുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ അക്രമപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനാണ് കൊടുംക്രിമിനലുകള്‍ ഉള്‍പ്പടെയുള്ളവരുടെ വീടുകളും വസ്തുവകകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള നടപടിക്ക് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. അനധികൃത നിര്‍മ്മിതികളാണ് കൂടുതലും ഇടിച്ചുനിരത്തിയത്. നടപടി ശരിവയ്ക്കുന്ന തരത്തില്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കുറവുണ്ടാവുകയായിരുന്നു. അതോടെ സര്‍ക്കാര്‍ നടപടി കൂടുതല്‍ കര്‍ശനമാക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.