ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു

കശ്മീര്‍: ജമ്മു കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു മരണം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തിങ്കളാഴ്ചയും തുടരുകയാണ്. നോര്‍ത്ത് കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അറഗാമിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നത്. ഇവിടെ 2 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിരുന്നു.

ഏറ്റുമുട്ടലുകള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിലെ റിയാസി, കത്വ, ദോഡ ജില്ലകളിലായി നടന്ന 4 ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.