ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ നിഹാമയില്‍ സൈന്യവുമായി ഏറ്റുമുട്ടിയ രണ്ട് ലഷ്‌കറെ ത്വയ്യിബ ഭീകരെര വധിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ റിയാസ് അഹമ്മദ് ദര്‍, സഹായി റയീസ് അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇരുവരും ഒളിവില്‍ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ഞായറാഴ്ച രാത്രി സൈന്യവും കശ്മീര്‍ പൊലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ, ഒരുവീട്ടില്‍ നിന്ന് സൈന്യത്തിനു നേരേ വെടിവെപ്പുണ്ടായി. സൈന്യവും തിരിച്ചുവെടിവെച്ചു. രാത്രിയായതോടെ ഇരുകൂട്ടരും വെടിവെപ്പ് നിര്‍ത്തിവെച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ പുനരാരംഭിച്ചു. തുടര്‍ന്ന് ഭീകരര്‍ അഭയം തേടിയ വീടിന് തീപിടിച്ചതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടിച്ച് കത്തിയമര്‍ന്ന വീട്ടില്‍നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്ത്. ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കാന്‍ സുരക്ഷാ സേന സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ റേഞ്ച് ഐ.ജി.പി വി.കെ. ബിര്‍ധി അറിയിച്ചു.