ജമ്മു കാശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ജമ്മു കാശ്മീരിലെ സൂറൻകോട്ട് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷൻ പൂഞ്ചിന്റെ ഭാഗമായി സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. സൂറൻകോട്ടിലെ തഹ്സിലിലാണ് സംഭവം. നിലവിൽ, പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്. കൂടാതെ, കാശ്മീരിലെ സ്പെഷ്യൽ പോലീസ് സേനയും, സൈനിക സംഘവും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പൂഞ്ചിലെ നിയന്ത്രണ രേഖക്ക് സമീപം രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചിരുന്നു. ഇവരെ സൈന്യം വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും അധികൃതർ പിടിച്ചെടുത്തു. അതേസമയം, പൂഞ്ചിലെ കൃഷ്ണഘാട്ടിക്ക് സമീപം ഭീകരരുടെ വലിയൊരു നുഴഞ്ഞുകയറ്റ ശ്രമം സൈനിക സംഘം ഇല്ലാതാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.