പാര്‍ലമെന്റ് തടസ്സപ്പെടുത്തലില്‍ കോണ്‍ഗ്രസ്സ് ഒറ്റപ്പെടുന്നു… കോണ്‍ഗ്രസ്സിന്റേത് അനാവശ്യ കടുംപിടുത്തമെന്ന് സമാജ്‌വാദി പാര്‍ട്ടി

ന്യൂദല്‍ഹി: പാര്‍ലമെന്റ് തടസ്സപ്പെടുത്തല്‍ സമരവുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിനെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കയ്യൊഴിഞ്ഞു. ഇനി പാര്‍ലമെന്റ് സ്തംഭിപ്പിച്ച് സമരത്തിനില്ലെന്ന് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും നിലപാടെടുത്തതോടെ സഭയില്‍ ഇന്നലെ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം കോണ്‍ഗ്രസ് തുടരുന്നതിനിടെയാണ് സഭ തടസ്സപ്പെടുത്താനാവില്ലെന്ന നിലപാടുമായി കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിപക്ഷത്തെ കക്ഷികള്‍ നിലപാടെടുത്തത്. ചോദ്യോത്തരവേള നടക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് സഭാസ്തംഭനം അവസാനിപ്പിക്കാന്‍ കക്ഷിനേതാക്കളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാകക്ഷികളും എത്തുമെങ്കില്‍ ഈ നിമിഷം സഭനിര്‍ത്തി യോഗം വിളിക്കാമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. എന്നാല്‍ അനാവശ്യ കടുംപിടുത്തം സ്വീകരിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ മറ്റുപ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ എതിര്‍ത്തു.സഭ നടക്കാത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളില്‍ കോണ്‍ഗ്രസിന് മാത്രമല്ല, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സഭാസ്തംഭനത്തിന്റെ ഉത്തരവാദിത്വം വന്നുചേരുന്നുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നിലപാടിനോട് യോജിക്കാനാവില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ എസ്.പി അടക്കമുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കി. എന്നാല്‍ സര്‍വ്വകക്ഷി യോഗത്തിനുശേഷം രണ്ടുമണിക്ക് ലോക്‌സഭ സമ്മേളിച്ചപ്പോഴും കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലോക്‌സഭ ഇതോടെ പിരിഞ്ഞു. രാവിലെ ലോക്‌സഭ ആരംഭിച്ചയുടന്‍ ആംഗ്ലോഇന്ത്യന്‍ പ്രതിനിധി ജോര്‍ജ്ജ് ബേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സഭയില്‍ നടത്തിയ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ അറിയിച്ചു. രാജ്യസഭയിലും കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളം നിമിത്തം സഭാനടപടികള്‍ തുടരാന്‍ സാധിച്ചില്ല. സര്‍ക്കാരിന് സംസാരിക്കാന്‍ അവസരമൊരുക്കണമെന്ന് രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കല്‍ ബില്ലിന്മേലുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പണം ഈ സമ്മേളന കാലത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ശൈത്യകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Courtesy:www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.