ശ്രീനഗർ: ഷോപിയാനിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നിറയൊഴിച്ച് ഇസ്ലാമിക ഭീകരവാദികൾ. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാളുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റു.ഷോപിയാനിലെ ചോട്ടിഗാമിലായിരുന്നു സംഭവം. സുനിൽ കുമാർ, പിന്റൂ കുമാർ എന്നീ പണ്ഡിറ്റ് സഹോദരങ്ങൾക്കാണ് വെടിയേറ്റത്. സംഭവം നടന്ന ആപ്പിൾ തോട്ടവും പരിസര പ്രദേശങ്ങളും സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.2020ന് ശേഷം ഭീകരവാദികൾ ജമ്മു കശ്മീരിൽ ആറ് കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഈ വർഷം ഇതുവരെ ഒരു കശ്മീരി പണ്ഡിറ്റ് പോലും താഴ്വര വിട്ട് പോയിട്ടില്ലെന്നും കേന്ദ്ര മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും, ഭീകരവാദികൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും പോലീസ് അറിയിച്ചു.